മധുര തിരുപ്പറംകുൺട്രം മലയിലെ വിവാദമായ കാര്‍ത്തിക ദീപം തെളിയിക്കല്‍ കേസില്‍ കഴിഞ്ഞദിവസമാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നത്. മലയിലെ ദീപത്തൂണില്‍ വിളക്ക് തെളിയിക്കാമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും ഈ വര്‍ഷം മാത്രം വിളക്ക് തെളിയിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. തമിഴ്നാട്ടില്‍ വലിയ ആശങ്ക സൃഷ്ടിച്ച സംഭവങ്ങളിലൊന്നാണ് തിരുപ്പറംകുൺട്രം മലയിലെ കാര്‍ത്തിക ദീപം വിവാദം. ചൊവ്വാഴ്ചയാണ് കാര്‍ത്തിക ഉല്‍സവം. ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ചരിത്രം: തിരുപ്പറന്കുണ്ട്രം മലയില്‍ രണ്ട് ആരാധനാലയങ്ങളുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സൂഫി സന്യാസിയായ ഹസ്രത്ത് സുൽത്താൻ സിക്കന്തർ ബാദുഷയുടെ ദർഗയും. ശ്രീമുരുകന്റെ ആറ് വീടുകളില്‍ ഒന്നാമത്തേതാണ് തിരുപ്പറംകുൺട്രം മലയെന്നാണ് ഐതിഹ്യം. ശൂരപത്മന് എന്ന അസുരനെ വധിച്ച ശേഷം ഇവിടെ വച്ചാണ് മുരുകന് ദേവയാനിയെ വിവാഹം ചെയ്തതെന്നാണ് സങ്കല്പം. ഈ ഐതിഹ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ക്ഷേത്രത്തിലെ കാര്‍ത്തികദീപം തെളിയിക്കല്‍ ഉല്‍സവം. സ്ഥലത്തിന്റെ അവകാശത്തെക്കുറിച്ചുള്ള ചിന്ത ഉടലെടുത്തതോടെ ദീപം എവിടെ തെളിയിക്കും എന്നതും തര്‍ക്കമായി.
Also Read: ആളുമാറി 'ഗാർഡ് ഓഫ് ഓണർ'; സുപ്രീംകോടതി ജഡ്ജിയെന്ന് കരുതി ഒവൈസിക്ക് സല്യൂട്ട് നൽകി യുപി പൊലീസ്
വിവാദത്തിന്റെ തുടക്കം: 1920 - 1923 കാലഘട്ടത്തിലാണ് മലയുടെ ഉടമാവകാശത്തെ ചൊല്ലി തര്‍ക്കം ഉടലെടുക്കുന്നത്. മല മുഴുവൻ തങ്ങളുടേതാണെന്ന് കാട്ടി അന്നത്തെ ക്ഷേത്ര ഭാരവാഹികള്‍ മധുര സിവില്‍ കോടതിയില്‍ കേസ് കൊടുത്തു. മലയുടെ ഏറിയപങ്കും ക്ഷേത്രത്തിന്റേതാണെന്നും എന്നാൽ ദർഗയ്ക്ക് ചുറ്റുമുള്ള മുകളിലെ ഭാഗം മുസ്ലിം സമുദായത്തിന്റേതാണെന്നും കോടതി വിധിച്ചു. ഈ വിധിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനുശേഷമാണ് ദീപം തെളിക്കല്‍ സംബന്ധിച്ച തര്‍ക്കം ഉടലെടുക്കുന്നത്.
കാര്‍ത്തിക ദീപം ഉല്‍സവം: തിരുപ്പറംകുൺട്രം മലയില്‍ വിളക്ക് തെളിയിക്കുന്ന വലിയ ഉല്‍സവമാണ് കാര്‍ത്തിക ദീപം. കാര്‍ത്തിക മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ദീപം തെളിക്കുന്നത്. നൂറ്റിയന്‍പതിലേറെ വർഷങ്ങളായി മലയുടെ താഴ്ഭാഗത്തെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് അടുത്തുള്ള ദീപ മണ്ഡപത്തിലാണ് കാര്‍ത്തിക ദീപം തെളിയിച്ചിരുന്നത്. എന്നാല്‍ മുകളിൽ ദർഗയ്ക്ക് അടുത്തുള്ള പഴയ കൽത്തൂൺ ദീപത്തൂൺ ആണെന്നും അവിടെയും വിളക്ക് തെളിയിക്കണമെന്നും ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകൾ രംഗത്തെത്തി. എന്നാല്‍ അത് ദീപത്തൂണല്ലെന്നും സർവേക്കല്ലാണെന്നും ദര്‍ഗ ഭാരവാഹികളും സര്‍ക്കാരും വ്യക്തമാക്കി. അവിടെ വിളക്ക് തെളിയിക്കുന്ന ആചാരം നേരത്തെ ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയുടെ മുകളിൽ വിളക്ക് തെളിയിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി അനുവദിച്ചില്ല.
രണ്ടാം തര്‍ക്കം: 1994 - 1996 കാലഘട്ടത്തില്‍ മലയുടെ മുകളില്‍ വിളക്ക് തെളിയിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഒരുകൂട്ടമാളുകള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ തന്നെ ദീപം തെളിയിക്കാനായിരുന്നു കോടതി ഉത്തരവ്. മറ്റൊരു സ്ഥലം വേണമെങ്കിൽ പരിഗണിക്കാമെന്നും പക്ഷേ ദർഗയിൽ നിന്ന് കുറഞ്ഞത് 15 മീറ്റർ അകലെയായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പ്രതികൂലമായതിനാല്‍ വിശ്വാസികള്‍ ദീപം മലയുടെ താഴെ തെളിയിക്കുന്നത് തുടര്‍ന്നു.
മൂന്നാം തര്‍ക്കം, വിവാദം: 2025 ഡിസംബറില്‍ വീണ്ടും തര്‍ക്കം തലപൊക്കി. ചില ഹിന്ദുസംഘടനകള്‍ ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ക്ഷേത്ര ഭാരവാഹികളോട് ആവശ്യപ്പെട്ടു. ക്ഷേത്ര ഭാരവാഹികള്‍ വിസമ്മതിച്ചതോടെ ഈ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. ദീപത്തൂണില്‍ വിളക്ക് തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. കീഴ്വഴക്കമനുസരിച്ച് വൈകിട്ട് ആറുമണിക്ക് മുന്‍പ് ദീപം തെളിക്കാനായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ നിര്‍ദേശം. എന്നാല്‍ ആചാരപ്രകാരം മലയുടെ താഴെ ദീപം തെളിയിക്കാമെന്നും ദര്‍ഗ സ്ഥിതി ചെയ്യുന്ന മുകള്‍ ഭാഗത്ത് ദീപം തെളിയിക്കുന്നത് അനുവദിക്കാനാകില്ലെന്നുമായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്. ഇതിനെതിരെ വിവാദം സൃഷ്ടിച്ചവര്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് 10 പേരടങ്ങുന്ന സംഘത്തിന് മലമുകളിലെത്തി ദീപം തെളിയിക്കാന്‍ ജഡ്ജ് അനുമതി നല്കി. എന്നാല്‍ വന്‍ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് സംഘമെത്തിയത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവരെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകോപിതരായ ഒരുസംഘം പൊലീസുമായി ഏറ്റുമുട്ടി. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞതില്‍ പൊലീസിനും ജില്ലാ കലക്ടര്‍ക്കുമെതിരെ ജസ്റ്റിസ് സ്വാമിനാഥന് കോടതി അലക്ഷ്യനടപടി എടുത്തു.
കോടതി അലക്ഷ്യക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചെങ്കിലും തള്ളി. മധുര ബെഞ്ചിന്റെ ഉത്തരവിനെതിരെ സ്റ്റാലിന് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കിയെങ്കിലും 2026 ജനുവരി 6ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. കല്തൂണ് ദീപത്തൂൺ തന്നെയാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതി അലക്ഷ്യക്കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് ദീപം തെളിയിക്കാന്‍ വീണ്ടും ഉത്തരവിട്ടു. എന്നാല്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് ദീപം തെളിയിക്കാന്‍ അനുവദിച്ചില്ല.
സുപ്രീംകോടതി ഇടപെടല്‍: ദീപത്തൂണില്‍ വിളക്ക് തെളിയിക്കാമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് വിജയ് സര്‍ക്കാര്‍ ജൂണില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഈ ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു തവണത്തേക്ക് മാത്രം ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി അനുമതി നല്കി. ഈ അനുമതി അവകാശമായി ഭാവിയില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്ര ഭാരവാഹികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രം മലമുകളിലെത്തി ദീപം തെളിയിക്കണമെന്നാണ് ഉത്തരവ്. കേസിലെ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ചൊവ്വാഴ്ചയാണ് തിരുപ്പറംകുൺട്രത്ത് കാര്‍ത്തിക ദീപം ഉല്‍സവം നടക്കുന്നത്.