asaduddin-owaisi

എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഉത്തര്‍ പ്രദേശ് പൊലീസ്.  ശനിയാഴ്ച്ച സഹാറന്‍പൂരിലെ സര്‍ക്യൂട്ട് ഹൗസിലെത്തിയതായിരുന്നു ഒവൈസി. അപ്പോള്‍ ആ സമയം അവിടെ എത്തേണ്ടിയിരുന്ന സുപീംകോടതി ജഡ്ജി ആണെന്ന് കരുതി അബദ്ധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ജഡ്ജിയുടെ വരവിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായാണ് പൊലീസ് സംഘം രാവിലെ സർക്യൂട്ട് ഹൗസിൽ എത്തിയത്. എന്നാൽ ജഡ്ജി എത്തുന്നതിന് മുൻപ് ഒവൈസി അവിടേക്ക് എത്തുകയായിരുന്നു. ഇതോടെ ആശയക്കുഴപ്പത്തിലായ പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ഔദ്യോഗിക സല്യൂട്ട് നൽകി.

ഒവൈസിയുടെ സർക്യൂട്ട് ഹൗസ് സന്ദർശനം അദ്ദേഹത്തിന്‍റെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പൊന്നുമില്ലാതെ അവിടേക്ക് എത്തുകയായിരുന്നെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിനൊപ്പമാണ് ഒവൈസി ജില്ലയിൽ എത്തിയത്. അടുത്ത വര്‍ഷം ഉത്തർപ്രദേശില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത വാർത്താസമ്മേളനം നടത്താനാണ് ഇരു നേതാക്കളും സഹാറൻപൂരിൽ എത്തിയത്. 2027ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന  സഖ്യം ഒവൈസിയും ചന്ദ്രശേഖർ ആസാദും പ്രഖ്യാപിച്ചിരുന്നു. അതേസമയം പൊലീസ് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ ഒവൈസി സ്വീകരിച്ചു. 

ENGLISH SUMMARY:

In a major protocol lapse in Uttar Pradesh's Saharanpur on Saturday, police personnel mistakenly accorded a ceremonial 'Guard of Honour' to AIMIM chief Asaduddin Owaisi, confusing him with a visiting Supreme Court judge