Image Credit/ X/ @UPPOLICE_NEWS5, @hussainjaved81

Image Credit/ X/ @UPPOLICE_NEWS5, @hussainjaved81

  • ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റേയും വിശ്വസ്തനെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും ഗുണ്ടാത്തലവനുമായ നസീം ദുറാനി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍വച്ച് ഡല്‍ഹി പൊലീസും നോയിഡ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ഒന്നിച്ചു നടത്തിയ ഓപ്പറേഷനിടെയാണ് ദുറാനി കൊല്ലപ്പെട്ടത്. ഡല്‍ഹി നിയമമന്ത്രി കപില്‍ മിശ്രയുടെ ഓഫീസിനു സമീപത്തുവച്ച് ഇക്കഴിഞ്ഞയാഴ്ച ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍. 

Also Read: ബംഗ്ലദേശ് കത്തുന്നു, മുഹമ്മദ് യൂനുസിന്റെ തറവാടുവീട് അഗ്നിക്കിരയാക്കി

ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി  ബന്ധമുള്ള ഇയാള്‍ നവംബര്‍ 16നാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസില്‍വച്ച് സമീര്‍ എന്ന 26കാരനെ വെടിവച്ചു കൊലപ്പെടുത്തിയത്. സമീറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവന്ന വിവരം. 

നസീം ദുറാനി– ഹാറൂണ്‍ സൈഫി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിരുന്നു സമീറിനു നേരെയുണ്ടായ ആക്രമണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിസ്‌വാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നസീം ദുറാനിക്ക് ഛോട്ടാ ഷക്കീലുമായും ബന്ധമുണ്ടായിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ 2016ല്‍ ഷക്കീല്‍ ദുറാനിയെ ചുമതലപ്പെടുത്തിയിരുന്നു. 

പാക്കിസ്ഥാനി –കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താരെക് ഫത്താഹിനെ ഭീഷണിപ്പെടുത്തിയ സംഭവമുള്‍പ്പെടെ ഇരുപതോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹി ആസ്ഥാനമായാണ് ദുറാനിയുടെ ഗുണ്ടാ പ്രവര്‍ത്തനം. വാതുവയ്പ്, മയക്കുമരുന്നു കടത്തല്‍, ഭീഷണിപ്പെടുത്തി പണംതട്ടല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് ദുറാനി. 

Dawood Ibrahim Associate Killed in Police Encounter; Durrani Was Also a Trusted Aide of Chhota Shakeel:

Naseem Durrani, an associate of Dawood Ibrahim and a gang leader, has been killed in an encounter with the police. Durrani was killed during a joint operation conducted by the Delhi Police and the Noida Special Task Force in Bulandshahr, Uttar Pradesh