yogi-adithyanath-savithri-devi

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു. ഉത്തരാഖണ്ഡ് പൗരി ഗർവാൾ ജില്ലയിലെ പഞ്ചൂർ ഗ്രാമത്തിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. ഗോരഖ്പൂരിൽ വിദ്യാർത്ഥികൾക്ക് ടാബ്ലറ്റ് വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥ് മരണവിവരം അറിഞ്ഞത്. 

മുഖ്യമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ വേദിയിലുണ്ടായിരുന്ന ഉപദേഷ്ടാവ് അവനീഷ് അവസ്തിയും ഗോരഖ്പൂർ എം.പി രവി കിഷനുമാണ് മരണവാർത്ത ആദ്യം അറിഞ്ഞത്. പ്രസംഗം അവസാനിച്ച ഉടൻ തന്നെ ഇവർ മുഖ്യമന്ത്രിയെ വിവരം അറിയിച്ചു. മരണവിവരമറിഞ്ഞ ശേഷവും യോഗി നിശ്ചയിച്ചിരുന്ന ടാബ്‌ലെറ്റ് വിതരണം പൂർത്തിയാക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ചടങ്ങ് പൂർണ്ണമായി അവസാനിച്ച ശേഷമാണ് മുഖ്യമന്ത്രി വേദി വിട്ടതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചടങ്ങിന് ശേഷം ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ലഖ്‌നൗവിലേക്ക് മടങ്ങുകയും, തുടർന്ന് അന്ത്യോപചാരം അർപ്പിക്കുന്നതിനായി ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലേക്ക് തിരിക്കുകയും ചെയ്തു. ശനിയാഴ്ച ഹരിദ്വാറിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി തുടങ്ങിയ പ്രമുഖ നേതാക്കൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും അനുശോചനം അറിയിച്ചു.

ENGLISH SUMMARY:

Uttar Pradesh Chief Minister Yogi Adityanath’s mother, Savitri Devi, passed away at the age of 91 in Panchur village of Uttarakhand's Pauri Garhwal district. The Chief Minister received the news of her demise while attending a tablet distribution program for students in Gorakhpur, after his advisor Awanish Awasthi and Gorakhpur MP Ravi Kishan informed him following his speech. Despite the personal loss, Adityanath stayed on to complete the scheduled tablet distribution and interact with students before visiting the Gorakhnath temple and departing for Uttarakhand to pay his last respects ahead of Saturday's funeral in Haridwar. Prominent leaders across party lines, including Prime Minister Narendra Modi, Amit Shah, Rajnath Singh, Akhilesh Yadav, and Mayawati, extended their condolences to the Chief Minister and his family.