സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്ന് ഹൈക്കമാന്‍ഡിന് മുന്പില് പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ്. എഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ നേരിട്ട് കണ്ടാണ് മുതിര്‍ന്ന നേതാവ് കെ.സി.ജോസഫ്, ബെന്നി ബഹനാന്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെട്ട സംഘം പരാതി അറിയിച്ചത്. അതേസമയം, മന്ത്രിസഭയിലെ തര്‍ക്കം ചോര്‍ന്നതില്‍ കെ.സി.പക്ഷം മന്ത്രി കെ.മുരളീധരനെ ഉന്നമിട്ടു. ആരോപണം തള്ളിയ മുരളി താന്‍ ഒളിയമ്പ് എയ്യാറില്ലെന്ന് വ്യക്തമാക്കി. തര്‍ക്കം രൂക്ഷമായിരിക്കെ അടുത്താഴ്ച ഡല്‍ഹിയില്‍ എ.ഐ.സി.സി നേതൃത്വത്തെ കാണുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. Also Read: മധ്യസ്ഥൻ ചമയേണ്ട; മന്ത്രിസഭാ തർക്കത്തിൽ ചെന്നിത്തലയെ ഉന്നമിട്ട് കെ.സി.പക്ഷം
ബോര്‍ഡ്, കോര്പറേഷന് വീതംവയ്പില്‍ തുടങ്ങിയ ചേരിത്തിരിവ് മന്ത്രിസഭാ യോഗത്തിലെ പരസ്യതര്ക്കത്തില് കലാശിച്ചിരിക്കെയാണ് എ ഗ്രൂപ്പിന്റെ ഹൈക്കമാന്‍ഡിനെ കണ്ടത്. നിയമനങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നവരെ നേതൃത്വം പൂര്‍ണമായി അവഗണിക്കുകയാണ്. തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി എടുക്കുകയാണ്. പല തീരുമാനങ്ങളും കെ.പി.സി.സി അധ്യക്ഷന്‍ പോലും അറിയുന്നില്ലെന്നും എ ഗ്രൂപ്പ് നേതൃത്വം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ അറിയിച്ചു. കെ.പി.സി.സി അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്നും പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി രൂപീകരിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യ മുതിര്‍ന്ന നേതാവ് കെ.സി.ജോസഫും ബെന്നി ബഹനാനും ഷാഫി പറമ്പിലും ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ച പ്രകാരമാണ് ഖര്‍ഗെയെ കണ്ടത്.
അതേസമയം, മന്ത്രിസഭയിലെ തര്‍ക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് തങ്ങള്‍ അല്ലെന്ന് വ്യക്തമാക്കുന്ന കെ.സി പക്ഷം കെ.മുരളീധരനെയാണ് ഉന്നമിടുന്നത്. മുഖ്യമന്ത്രി വേട്ടയാടപെടുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വിവരങ്ങള്‍ മുരളി ചോര്‍ത്തിയെന്നാണ് കെ.സി പക്ഷം സംശയിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ അദ്ദേഹത്തെ പിന്തുണച്ച് റോജി എം.ജോണ്‍ രംഗത്തെത്തി.
മന്ത്രിസഭയിലെ തര്‍ക്കത്തിനിടെ സമവായത്തിന് ശ്രമിച്ച രമേശ് ചെന്നിത്തലയുടെ നടപടിയോടും കെ.സി പക്ഷത്തിന് യോജിപ്പില്ല. പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തുതന്നെ പരിഹരിക്കണമെന്നും മധ്യസ്ഥതയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് അവരുടെ നിലപാട്. കാര്യങ്ങള്‍ സങ്കീര്‍ണമായി തുടരുന്നതിനിടെ, വൈദ്യുതിമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോകുന്ന കെ.പി.സി.സി അധ്യക്ഷന്‍ എ.ഐ.സി.സി നേതൃത്വത്തെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കും. പരാതിക്കെട്ടുകളില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് ഇനി നിര്‍ണായകം.