തിരംഗമാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ എവിടെയെന്ന ചോദ്യവുമായി  ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍– ഐസ. കസ്റ്റഡിക്ക് പിന്നാലെ മംഗള്‍പുരി സ്റ്റേഷനില്‍ എത്തിച്ച നേഹയെ പിന്നീട് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്നും  എവിടെയെന്ന് വെളിപ്പെടുത്തണമെന്നും ഐസ ആവശ്യപ്പെട്ടു.

പ്രതിഷേധ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത നേഹയെ മംഗൽപുരിയിലെ നാർക്കോട്ടിക് സെല്ലിന്റെ ഓഫീസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ നിന്ന് പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇത് എവിടെയാണ് എന്നത് പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഇത് വ്യക്തമാക്കണം എന്നാണ് ഐസ ആവശ്യപ്പെടുന്നത്. നേഹ ബോറ എവിടെയെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആനി രാജയും ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജും അഭിഭാഷകനൊപ്പം പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി. 

ഇന്ന് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജിത് ദീപ്കയെയും എവിടേക്കാണ് കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. തിരംഗമാര്‍ച്ചിനായി വീട്ടില്‍ നിന്നും പുറപ്പെടുന്നതിനിടെയാണ് ദീപ്കെ പൊലീസ് കസ്റ്റഡിയിലാകുന്നത്. പ്രതിഷേധക്കാർ എത്തുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് കസ്റ്റഡിയിലുള്ള സ്ഥലം വ്യക്തമാക്കാതിരിക്കുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. അതേസമയം, നേഹ ബോറയെ ഉടനെ വിട്ടയക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ദീപ്കെയുടെ കാര്യത്തില്‍ പൊലീസ് നടപടികളിലേക്ക് കടക്കും. സമരത്തില്‍ പങ്കെടുത്തതോടെ അഭിജിത് ദീപ്കെ ജാമ്യ ഉപാധി ലംഘിച്ചിരിക്കുകയാണ്. അതുകൊണ്ട് പൊലീസ് തുടർനടപടികളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. അഭിജീത് ദീപ്കെയെ ഉടൻ മോചിപ്പിക്കണമെന്നും വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് സിജെപി ഡൽഹി പൊലീസിന് കത്ത് നൽകി 

അഭിജീത് ദിപ്‌കെയും നേഹ ബോറയും ജഫാർപൂർ കലാൻ പൊലീസ് സ്റ്റേഷനിലുണ്ടെന്നാണ് സൂചന. സ്റ്റേഷൻ പരിസരത്ത് വൻ പൊലീസ് വിന്യാസമുണ്ട്. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് സി.ജെ.പിയും യുവജന വിദ്യാര്‍ഥി സംഘടനകളും നടത്തിയ തിരംഗ മാര്‍ച്ചിൽ രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധമിരമ്പി.  സെൻട്രൽ പാർക്ക് പരിസരത്ത് പലയിടങ്ങളിലും പൊലീസുമായി സംഘർഷമുണ്ടായി.  തിരംഗ റാലിയുമായി സെന്‍ട്രല്‍ പാര്‍ക്ക് ചുറ്റിയ യുവാക്കള്‍ക്കൊപ്പം ഇടത് എം.പിമാരും അണിനിരന്നു.  

ENGLISH SUMMARY:

AISA has raised serious concerns regarding the whereabouts of student leader Neha Bora after she was moved from the Mangolpuri police station to an undisclosed location following her detention during the Tiranga March. The student body is demanding immediate clarity from authorities, noting that CJP founder Abhijit Dipke was also taken into custody before the protest began. Police stated that the detention locations were withheld to prevent further assemblies, while indicating that Neha Bora may be released soon whereas Dipke faces potential legal action for allegedly violating bail conditions. Meanwhile, massive protests led by youth organizations and backed by Left MPs continued across New Delhi to demand the resignation of Chief Election Commissioner Gyanesh Kumar.