Image Credit: X, PTI

Image Credit: X, PTI

  • 'സംഘടനയ്ക്കുള്ളില്‍ നിന്നൊരാളെപ്പോലും നേതാവായി മുന്നില്‍ നിര്‍ത്താന്‍ കിട്ടിയില്ലേ? സംഘടനയിലുള്ളവരെ യുവ നേതാക്കളായി ആര്‍ക്കും തോന്നിയില്ലേ? ഞങ്ങളൊക്കെ ആര്‍ക്ക് വേണ്ടിയാണ് ഈ കഷ്ടപ്പെടുന്നത്?'

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ‍ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ രാഹുല്‍ ഗാന്ധി, ഐസ നേതാവായ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസിന്‍റെ യുവജന വിഭാഗമായ എന്‍സ്​യുഐ. എന്‍എസ്​യുഐയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്‍റെ പേര് 'വീ ദ് ചോട്ടൂ' എന്നാക്കി മാറ്റിയാണ് അംഗങ്ങളിലൊരാള്‍ പ്രതിഷേധം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലരാവട്ടെ ഗ്രൂപ്പില്‍ തുറന്നടിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും എന്‍എസ്​യുഐ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗ്രൂപ്പിന്‍റെ പേര് പഴയത് പോലെയാക്കിയത്. Also Read: നേഹയെ വിട്ടയച്ച് ഡല്‍ഹി പൊലീസ്; ദിപ്കെ അജ്ഞാത കേന്ദ്രത്തില്‍

'സംഘടനയ്ക്കുള്ളില്‍ നിന്നൊരാളെപ്പോലും നേതാവായി മുന്നില്‍ നിര്‍ത്താന്‍ കിട്ടിയില്ലേ? സംഘടനയിലുള്ളവരെ യുവ നേതാക്കളായി ആര്‍ക്കും തോന്നിയില്ലേ? ഞങ്ങളൊക്കെ ആര്‍ക്ക് വേണ്ടിയാണ് ഈ കഷ്ടപ്പെടുന്നത്?' എന്ന് ഒരാള്‍ കുറിച്ചു. നേഹ പ്രമുഖ നേതാവാണ്, യുവാക്കളുടെ ഐക്കണാകുന്നതിലും പരിഭവമില്ല. പക്ഷേ എന്‍എസ്​യുഐ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞ കൂട്ടത്തിന് നേതൃത്വം നല്‍കേണ്ടത് നേഹയാണോ? ഞങ്ങളൊക്കെ പിന്നെ എന്തിന് നടക്കുന്നവരാണ്?' എന്ന് മറ്റൊരു വിദ്യാര്‍ഥി നേതാവും കുറിച്ചു. 'വെറുതേ ആള്‍ക്കൂട്ടമായി മാത്രം നടക്കാന്‍ മതിയോ ഞങ്ങള്‍?' എന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

തിങ്കളാഴ്ചയാണ് ഇന്ത്യാസഖ്യത്തിന്‍റെ നേതൃത്വത്തില്‍ സുപ്രീംകോടതിയിലേക്ക് രാഹുല്‍ഗാന്ധിയുെട നേതൃത്വത്തില്‍ വമ്പന്‍ മാര്‍ച്ച് നടന്നത്. ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള മാര്‍ച്ചിന്റെ മുന്‍നിരയില്‍ രണ്ട് സ്ത്രീകളാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. നേഹയും പ്രിയങ്ക ഗാന്ധിയും. ഇന്ത്യാസഖ്യ നേതാക്കന്‍മാര്‍ കയറിയ വാഹനത്തിലും മുന്‍നിരയില്‍ നേഹയുണ്ടായിരുന്നു. പിന്നീട് ട്രക്കിലും രാഹുലിനൊപ്പം നേഹ ഇടംപിടിച്ചു. പ്രക്ഷോഭത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ പലപ്പോഴും സിജെപിയെക്കാള്‍ കൂടുതല്‍ പ്രാധാന്യം നേഹയിലേക്ക് പോകുന്നതും എന്‍എസ്​യുഐക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വേണ്ടി നടന്ന് ചെരിപ്പ് തേയുന്ന് മിച്ചമാണെന്നും സ്വന്തം യുവജന പ്രസ്ഥാനത്തിന് ഇത്രയധികം നേതാക്കളുള്ളപ്പോള്‍ മറ്റൊരു സംഘടനയുടെ നേതാവിനെ രാഹുലിനെ പോലെ ഒരാള്‍ ഇത്ര പ്രാമുഖ്യം നല്‍കി അവതരിപ്പിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും യുവ നേതാക്കാള്‍ സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയര്‍ത്തുന്നു.

സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ചേരിതിരിഞ്ഞ് പോരാടുമെങ്കിലും ഐസയുടെ മാതൃസംഘടനയായ സിപിഐഎംഎല്‍ ഇന്ത്യാസഖ്യത്തിന്‍റെ ഭാഗമാണ്.  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ സമരത്തിലും നേഹ സജീവ സാന്നിധ്യമായിരുന്നു. അന്ന് നിരാഹാര സമരവും നേഹ നടത്തി. 

എന്‍എസ്​യുഐക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ടെങ്കിലും രാഹുലിന്‍റെ വസതിയില്‍ നേഹ അടുത്ത ദിവസമെത്തി ചായ കുടിക്കുകയും സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശേഷം നന്ദി പറ‍ഞ്ഞ് മടങ്ങുകയും ചെയ്തു. നേഹയ്ക്ക് പുറമെ സിജെപി നേതാക്കളെയും രാഹുല്‍ ചായ സല്‍ക്കാരത്തിനായി ക്ഷണിച്ചു. ഡല്‍ഹിയിലില്ലാതിരുന്നതിനാല്‍ ദിപ്കെ എത്തിയില്ല. അടുപ്പിച്ച് രണ്ട് ദിവസം രാഹുലിനൊപ്പം നേഹയെ കണ്ടതോടെയാണ് സ്വന്തം നേതാക്കള്‍ ഇവിടെയുണ്ടെന്ന് എന്‍എസ്​യുഐ പ്രതിഷേധം അറിയിച്ചത്. ഹൈക്കമാന്‍ഡിനെയും യുവജന വിഭാഗം നേതാക്കള്‍ അതൃപ്തി അറിയിച്ചു. ഇതിന് ശേഷമാണ് രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. 'ഞങ്ങളുടെ നേതാവിനെ കണ്ടതോടെ എല്ലാ വേദനയും മാറി. പൊലീസിന്‍റെ ലാത്തി കൊണ്ടേറ്റതും, പാര്‍ട്ടിക്കുള്ളില്‍ നിസാരക്കാരായി പോയതിന്‍റെയും വേദന മാറി. ആര്‍എസ്എസ്–ബിജെപി ആശയങ്ങള്‍ക്കെതിരെ ഇനിയും പോരാട്ടം തുടരും' എന്നായിരുന്നു യോഗത്തിന് ശേഷം എന്‍എസ്​യുഐ പ്രതിനിധിയുടെ പ്രതികരണം. 

അതേസമയം, നേഹയുടെ പേര് രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ പരാമര്‍ശിച്ചില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍എസ്​യുഐ പ്രസിഡന്‍റ് വിനോദ് ജഖാര്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ ജനങ്ങള്‍ക്കായി ഉയരുന്ന എല്ലാ ശബ്ദങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് മീഡിയ ഇന്‍ ചാര്‍ജ് പവന്‍ ഖേരയുെട  പ്രതികരണം. 

ENGLISH SUMMARY:

NSUI, the student wing of the Congress, has expressed displeasure over Rahul Gandhi allegedly giving excessive prominence to AISA leader Neha Bora during protests demanding the resignation of Chief Election Commissioner Gyanesh Kumar in Delhi. The resentment surfaced through messages in the organisation’s official WhatsApp group, which was renamed “We the Chhotu” by a member to protest the perceived sidelining of NSUI leaders. Several student leaders questioned why Congress youth workers were not being projected as prominent faces of the agitation, especially after Neha appeared alongside Rahul Gandhi during the march and was later invited to his residence for tea