കേരള വഖഫ് ബോര്ഡ് സര്ക്കാര് പുനഃസംഘടിപ്പിച്ചു. അസാധാരണ ഉത്തരവിലൂടെയാണ് മുസ്ലിം ലീഗ് നേതാവ് എംസി മായിന് ഹാജിയെ അധ്യക്ഷനായി പുതിയ ബോര്ഡ് രൂപീകരിച്ചത്.കോടതി നിർദേശ പ്രകാരമാണ് നടപടിയെന്ന് വഖഫ് മന്ത്രി എൻ.ഷംസുദീൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയേയും പുതിയ ബോർഡിൽ പരിഗണിച്ചിട്ടുണ്ട്.
ഇ കെ വിഭാഗം സമസ്തയുമായി കാലങ്ങളായി ഏറ്റവും അടുത്തു നിൽക്കുന്ന മുതിർന്ന മുസ്ലിംലീഗ് നേതാവ് എന്ന നിലയിലാണ് എം.സി മായിൻ ഹാജിയെ ചെയർമാനായി പരിഗണിച്ചത്. നേരത്തെയും വഖഫിന്റെ ഭാഗമായി പ്രവർത്തിച്ച പരിചയവുമുണ്ട്. ഒന്പതംഗ ബോര്ഡില് കുറുക്കോളി മൊയ്തീനെ എം.എല്.എമാരുടെ പ്രതിനിധിയായി ഉള്പ്പെടുത്തി. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് അംഗമായ ജാസിം സബാഹാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധി. പുതിയ വഖഫ് നിയമ ഭേദഗതി പ്രകാരം അമുസ്ലിംങ്ങളായ രണ്ടുപേരെ ഉള്പ്പെടുത്തണമെന്ന വ്യവസ്ഥ പുനഃസംഘടനയില് സര്ക്കാര് പാലിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിനുശേഷം ഇക്കാര്യത്തില് തീരുമാനമെടുക്കാം എന്നാണ് സര്ക്കാര് നിലപാട്.
അമുസ്ലിം പ്രതിനിധികളെ ഉള്പ്പെടുത്താതെയുള്ള പുനഃസംഘടന നിലനില്ക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന് ഷോണ് ജോര്ജ് പറഞ്ഞു. പുതിയ ബോർഡിൽ പ്രാതിനിധ്യം ലഭിക്കാത്ത മുസ്ലിം സംഘടനകളെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ അടക്കം പരിഗണിക്കാമെന്ന് ഉറപ്പ് നേതൃത്വം നൽകിയിട്ടുണ്ട്.