File image
തനിക്കെതിരെയുള്ള ആക്ഷേപങ്ങളില്‍ മറുപടിയുമായി ഫെയ്സ്ബുക്കില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ റീല്‍. സിനിമ ഡയലോഗ് ചേര്‍ത്താണ് റീല്‍. ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണമെന്നും അതിനൊരു ഇടയന്‍ ഉണ്ടായിരുന്നെന്നും നാളെ ഉത്തരം കൊടുക്കേണ്ടിവരുമെന്നുമാണ് റീലില്‍ അടൂര്‍ പ്രകാശ് പറയുന്നത്.
മുഖ്യമന്ത്രിക്കെതിരായ യു.ഡി.എഫ് കണ്‍വീനറുടെ പരസ്യവിമര്‍ശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായി അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. പരസ്യ വിമര്‍ശനത്തെ കെ സി വേണുഗോപാല്‍ തളളിയെങ്കിലും മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്‍റെ ആരോപണങ്ങളെ നിഷേധിച്ചില്ല. വിമര്‍ശനം എ.ഐ.സി.സി പരിശോധിക്കുമെന്ന് നിലപാടെടുത്ത കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫും മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ കൂട്ടാക്കിയില്ല.
Also read: ‘അടൂര്‍ പ്രകാശിനെ പിന്തുണയ്ക്കുന്നവരാണ് പാര്‍ട്ടിയില്‍ കൂടുതല്‍’
കെ.മുരളീധരനും രാജ് മോഹന്‍ ഉണ്ണിത്താനും അടൂര്‍ പ്രകാശിനെ തള്ളി രംഗത്തെത്തിയപ്പോള്‍ മഹിളാ കോണ്‍ഗ്രസും സ്പീക്കറും പിന്തുണച്ചു. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം ഇന്നും കുടുപ്പിച്ചു അടൂര്‍ പ്രകാശ്. ഉന്നംവെക്കുന്നത് മുഖ്യമന്ത്രിയുടെ ശൈലിയെ തന്നെ. എതിര്‍ സ്വരങ്ങള്‍ക്ക് ശക്തി കൂടുമ്പോള്‍ മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനം തള്ളാതെയും പരസ്യപ്രതികരണത്തോട് യോജിക്കാതെയും കെ.സി.വേണുഗോപാല്‍ രംഗത്തെത്തി. നേരിട്ടല്ലങ്കിലും സ്പീക്കറുടെ പിന്തുണയും അടൂര്‍ പ്രകാശിന് തന്നെ.
അടൂര്‍ പ്രകാശിന് പരിഹാസവും വി.ഡി.സതീശന് പിന്തുണയും ഉറച്ച വാക്കുകളില്‍ നല്‍കിയത് രണ്ട് പേരാണ്. കെ.മുരളീധരനും രാജ്മോഹന്‍ ഉണ്ണിത്താനും. പക്ഷെ, കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ സണ്ണി ജോസഫ് നിലപാടും തീരുമാനവും പറയാതെ ഒഴിഞ്ഞുമാറി. എ.ഐ.സി.സി പറയുമെന്ന് പറഞ്ഞതോടെ വിഷയം ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടിലേയ്ക്ക് തട്ടി.
മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ചുള്ള വിമര്‍ശനം സമീപകാല ചരിത്രത്തിലാദ്യമാണ്. എന്നിട്ടും മറ്റ് പലരും പറയുന്നത് പോലെ പരസ്യപ്രതികരണം തെറ്റായിപ്പോയെന്ന പാര്‍ട്ടി നിലപാട് പോലും കെ.പി.സി.സി പ്രസിഡന്‍റ് പറയാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കണ്‍വീനര്‍ക്ക് പ്രസിഡന്‍റിന്‍റെ പിന്തുണയുണ്ടോയെന്ന സംശയവും ബലപ്പെടുന്നു. അതേസമയം മുതിര്‍ന്ന നേതാവ് എ.കെ.ആന്‍റണി വിവാദത്തില്‍ കക്ഷിചേര്‍ന്നില്ല.