തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം കൗൺസിലർ അജിനെതിരായ കൈക്കൂലി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കോടതി, കോർപ്പറേഷന് അനുകൂലമായി വിധിച്ച 14 സെന്‍റ് സർക്കാർ ഭൂമി, സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകാന്‍ അജിന്‍ കൂട്ടൂനിന്നെന്നാണ് പുതിയ ആരോപണം. കൗണ്‍സിലര്‍ക്കെതിരായ ആരോപണം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിഷയം സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.

 

വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ തൃക്കണ്ണാപുരം കൗണ്‍സിലര്‍ അജിന്‍ എസ്  ലീന്‍  പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണമുയര്‍ന്നത്. പുറത്തു വന്ന  വീഡിയോ സംഭാഷണം വ്യാജമെന്ന് അജിന്‍ പറഞ്ഞതിന് പിന്നാലെ പരാതിക്കാരന്‍ സഞ്ജു കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടു. 14 സെന്‍റ്  പുറമ്പോക്ക് ഭൂമി മറിച്ചുവിറ്റുവെന്നാണ് പുതിയ ആരോപണം. കോർപ്പറേഷന് അനുകൂലമായി കോടതി വിധിച്ച സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകി വിൽക്കാൻ അജിൻ സഹായിച്ചുവെന്നാണ് ആരോപണം. ഇതിന് ആവശ്യമായ സഹായം നൽകിയെന്ന് അജിൻ പറയുന്ന ദൃശ്യങ്ങളാണ് പരാതിക്കാരന്‍  സഞ്ജു പുറത്തുവിട്ടത്.

 

തൃക്കണ്ണാപുരം വാര്‍ഡിലെ  19 സെന്‍റ് വസ്തു വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട് അജിന്‍ പണം ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യ ആരോപണം. വസ്തുവിന്‍റെ മുന്‍ ഉടമയുടെ ബന്ധുവിനോട് അജിന്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. 

 

എന്നാൽ, തനിക്കെതിരായ വീഡിയോകള്‍  എ ഐ നിര്‍മ്മിതമെന്നാണ് അജിന്‍റെ വാദം. കടുത്ത പ്രതിരോധത്തിലായ സിപിഎം വിവാദം അന്വേഷിക്കും.

 

കൗണ്‍സിലര്‍ക്കെതിരായ ആരോപണം സിപിഎംമ്മിനെതിരെ വന്‍ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ഭരണകക്ഷിയായ ബിജെപി .

 

ENGLISH SUMMARY:

CPM Councillor Ajin faces a significant bribery accusation in Thiruvananthapuram Corporation regarding a land deal.