Image Credit: facebook

  • 2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് രണ്ടുമണിയോടെ.  2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ഒന്നര ദശാബ്ദത്തില്‍ അധികമായി നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമെ സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസാണിത്. പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റി. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി തള്ളിയിരുന്നു.

കോട്ടയം വിജിലൻസ് കോടതി ജ‍ഡ്‌ജ് കെ.വി.രജനീഷ് മുൻപാകെയാണ് വിചാരണ പൂർത്തിയായത്. 128 സാക്ഷികളുണ്ടായിരുന്ന കേസിൽ 145 രേഖകൾ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. കെ.കെ.ശ്രീകാന്ത് ആണ് വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ.

1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിൻ ജെ.തച്ചങ്കരി 2023 ൽ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിച്ചത്. മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ് എന്നിവയുടെ മാനേജിങ് ഡയറക്ടറായും കെഎസ്ആർടിസി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും ഫയർഫോഴ്സ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The Kottayam Vigilance Court has convicted former DGP Tomin J. Thachankary in a long-pending disproportionate assets case. The investigation revealed that the former IPS officer accumulated ₹64 lakh in illegal wealth beyond his known income sources between 2003 and 2007. The Vigilance probe also found stamp duty evasions during property transactions, causing revenue losses to the state government. The charge sheet was initially filed in 2013 and saw prolonged legal battles across multiple courts before Judge K.V. Rajaneesh delivered the verdict. Thachankary, who served as KSRTC CMD and Fire Force chief, retired in 2023 as Investigation DGP at the Human Rights Commission.