മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ചതായി സംശയമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയുടെ ഭാഗമായി ഡിജിറ്റൽ രേഖകളടക്കം ഒട്ടേറെ ഫയലുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. ഇവയുടെ പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് ചില രേഖകൾ നശിപ്പിച്ചോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്. പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളെല്ലാം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നശിപ്പിച്ചവയുണ്ടെങ്കിൽ വീണ്ടെടുക്കാനാണ് എസ്ഐടിയുടെ ശ്രമം രേഖകൾ പരിശോധിച്ചു തെളിവുകൾ ഉറപ്പിച്ച ശേഷം ആയിരിക്കും അടുത്ത നീക്കം. Also Read: ആന്‍റോ അഗസ്റ്റിന്‍ അറസ്റ്റില്‍; നടപടി അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍
അതേസമയം, ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ റിപ്പോർട്ടർ ചാനലിന്റെ ഓഫിസിൽ നിന്ന് 6300 ഡോളറും റെയ്ഡില്‍ കണ്ടെടുത്തു. ഒരാൾ രണ്ടായിരത്തിലധികം ഡോളർ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. പിടിച്ചെടുത്ത ഡോളറിന്റെ കണക്ക് കാണിക്കാനും ഇതുവരെ ആന്റോ അഗസ്റ്റിന് സാധിച്ചിട്ടില്ല. അതിനാൽ കളമശ്ശേരി പോലീസ് തന്നെ പുതിയ കേസ് റജിസ്റ്റർ ചെയ്യും.
അതിനിടെ ആന്റോയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പിഎംഎല്‍എ നിയമപ്രകാരം ഇഡിയും കേസ് റജിസ്റ്റര്‍ ചെയ്തേക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും നിലവിലെ കേസിന്‍റെ എഫ്ഐആര്‍ ഉള്‍പ്പടെ ഇഡി ശേഖരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം കല്‍പറ്റയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.