മെസിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസ് റെയ്ഡ് ചെയ്തതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നടപടിക്രമങ്ങള്‍ പാലിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചത്. സ്വാഭാവികമായി റെയ്ഡില്‍ സ്വീകരിക്കുന്ന നടപടികള്‍ മാത്രമാണ് ചെയ്തതെന്നും അതിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയെന്ന് തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
കമ്പനി പ്രവര്‍ത്തിക്കുന്നയിടത്താണ് മാധ്യമസ്ഥാപനവും പ്രവര്‍ത്തിക്കുന്നതെന്നും കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നടക്കുന്ന റെയ്ഡ് ആഭ്യന്തര മന്ത്രി അറിയേണ്ടതില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്പോര്‍ട്സ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് നിര്‍ദേശിച്ചുവെന്നും ഇതനുസരിച്ച് എസ്ഐടി രൂപീകരിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു. അന്വേഷണത്തില്‍ വകുപ്പോ താനോ ഇടപെടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റെയ്ഡ് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കി. ചാനലിന്‍റെ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും ആര്‍ബിസിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത് ചാനല്‍ ഓഫിസിലായതിനാലാണ് അവിടെ കയറിയതെന്നും ഡിജിപി വിശദീകരിച്ചു.
അതേസമയം, ആന്‍റോയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മദ്യശേഖരത്തില്‍ വ്യാജമദ്യമുണ്ടെന്ന് പൊലീസ് എഫ്ഐആര്‍. . ആല്‍ക്കഹോള്‍ അടങ്ങിയ പാനീയമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍ നിര്‍മിച്ച 12.75 ലീറ്റര്‍ മദ്യമാണ് കണ്ടെത്തിയത്. നിയമം ലംഘിച്ചതിനാണ് ആന്‍റോ അഗസ്റ്റിനെ പിടികൂടിയതെന്നും കുറ്റകൃത്യത്തില്‍ പിടിയിലായതാണെന്നും എക്സൈസ് മന്ത്രി. അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ലെന്നും മന്ത്രി വിശദീകരിച്ചു.