തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും കട്ടിലിൽനിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ളയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ജൂൺ മാസത്തിലും കട്ടിലില്‍ നിന്ന് വീണ് രോഗി മരിച്ചിരുന്നു.
ഈ മാസം 26നാണ് 87 വയസ്സുകാരനായ സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ 29 ന് കട്ടിലിൽ നിന്ന് താഴെ വീഴുകയായിരുന്നു. സ്ട്രോക് വീണ്ടും വരാൻ സാധ്യതയുള്ള രോഗികൾക്ക് നൽകേണ്ട കൈ വരിയുള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. Also Read: 'ഞാനത് പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും'; ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ നടന്നത് പറയുന്നില്ലെന്ന് തമീം
കട്ടിൽ നിന്ന് വീണ് സുകുമാരപിള്ളയ്ക്ക് സാരമായി പരിക്കേറ്റിട്ടും ചികിൽസ വൈകി. അതേ കട്ടിലിൽ തന്നെ കിടത്തിയാണ് മുറിവ് തുന്നി കെട്ടിയതെന്നും ഗുരുതരാവസ്ഥയാണെന്ന് അറിഞ്ഞിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ജൂൺ മാസത്തിലാണ് കൊല്ലം സ്വദേശി വിൽഫ്രഡ് കട്ടിലിൽ നിന്ന് വീണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്ക് ആയിരുന്നു മരണകാരണം. സുകുമാരപിള്ളയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. അതേസമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും ഹാൻഡ്റെയിലുള്ള കട്ടിലുകൾ ഒഴിവുണ്ടായിരുന്നില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം.