• മെസി വരുമെന്ന പേരില്‍ തട്ടിപ്പ്
  • SIT രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
  • കരാര്‍ മുതല്‍ സാമ്പത്തിക ഇടപാട് വരെ പരിശോധിക്കും

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകി. സ്പോർട്സ് വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടും ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും വിശദമായി പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രി സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. പൊലീസും വിജിലൻസും ഉൾപ്പെടെയുള്ള വിവിധ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയായിരിക്കും എസ്ഐടിയുടെ ഘടന രൂപീകരിക്കുക.

മെസ്സിയെ എത്തിക്കുന്നതിനായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് വഴിയും യുഎസ് ഏജൻസി വഴിയും അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 126 കോടി രൂപ കൈമാറിയതിലാണ് പ്രധാനമായും ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമേ, രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 206 കോടി രൂപ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് ജിഎസ്ടി വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് യാതൊരുവിധ വ്യക്തതയുമില്ല. 

മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ തന്റെ പേഴ്സനൽ ഇമെയിൽ ഐഡി ഉപയോഗിച്ച് വിദേശ ഏജൻസികളുമായി നടത്തിയ ഇടപാടുകൾ, സ്പെയിൻ സന്ദർശനം, 2024 ഡിസംബർ 27-ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുൻപ് പ്രസ്തുത കമ്പനി അർജന്റീന അസോസിയേഷനുമായി കരാറിൽ ഏർപ്പെട്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം എസ്ഐടിയുടെ അന്വേഷണ പരിധിയിൽ വരും.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി 5 കോടി രൂപയുടെ ഇളവ് സ്പോൺസർക്ക് അനുവദിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സർക്കാർ തലത്തിൽ കരാറുകളുടെയോ ഫയലുകളുടെയോ രേഖകൾ കൃത്യമായി സൂക്ഷിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നു. മുൻ സർക്കാരിന്റെ കാലത്ത് കായികപ്രേമികളുടെ വൈകാരികതലത്തെ ചൂഷണം ചെയ്ത് നടത്തിയ തട്ടിപ്പാണിതെന്ന ആക്ഷേപവും ശക്തമാണ്.

വിദേശത്തേക്ക് 126 കോടി രൂപ കൈമാറിയതിൽ വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ, പിഎംഎൽഎ ചട്ടപ്രകാരം കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിച്ചുവരികയാണ്. കായികവകുപ്പ് സെക്രട്ടറിയുടെയും ജിഎസ്ടി വകുപ്പിന്റെയും റിപ്പോർട്ടുകൾ ശേഖരിച്ച ഇഡി, വരും ദിവസങ്ങളിൽ ബന്ധപ്പെട്ടവർക്ക് സമൻസ് അയച്ച് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. നിലവിൽ ആഭ്യന്തര വകുപ്പ് എസ്ഐറ്റിയുടെ ഔദ്യോഗിക ഉത്തരവും അധ്യക്ഷനെയും പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനതലത്തിലുള്ള അന്വേഷണ നടപടികൾ വേഗത്തിലാകും.

ENGLISH SUMMARY:

Chief Minister V.D. Satheesan has instructed the Home Department to form a Special Investigation Team (SIT) for a comprehensive probe into the multi-crore financial irregularities surrounding the proposed Kerala visit of Argentine football icon Lionel Messi. The decision followed a detailed evaluation of reports submitted by the Sports Department Secretary and the GST Department. The investigation will focus on the GST evasion related to ₹126 crore transferred to the Argentine Football Association and ₹206 crore received by Reporter Broadcasting Limited from unidentified financial sources. Additionally, the Enforcement Directorate is conducting a parallel probe into Foreign Exchange Management Act (FEMA) violations and potential money laundering associated with the deal.