മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും തിരിച്ചടി. വിചാരണനടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ സെപ്റ്റംബർ ഏഴിന് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചുകേൾപ്പിക്കും.
അധികാരപരിധി ചോദ്യം ചെയ്തുള്ള പ്രതികളുടെ ഹർജി ചോറ്റാനിക്കര കോടതി തള്ളിയതിനു പിന്നാലെയാണ് മറ്റൊരു ഹർജിയുമായി അഗസ്റ്റിൻ സഹോദരന്മാർ വീണ്ടും കോടതിയെ സമീപിച്ചത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിൽ കേസ് നടക്കുന്നതിനാൽ ചോറ്റാനിക്കര കോടതിയിലെ നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
ഈ ആവശ്യവും ഇന്ന് കോടതി തള്ളി. സെപ്റ്റംബർ ഏഴിന് കേസ് പരിഗണിക്കുമ്പോൾ കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ടും രണ്ടും മൂന്നും പ്രതികളായ ജോസുകുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും വിഡിയോ കോൺഫറൻസ് വഴിയും ഹാജരാകണം. വിചാരണ നിർത്തിവയ്ക്കാനുള്ള പ്രതികളുടെ ആവശ്യം തള്ളിയതോടെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന സെപ്റ്റംബർ ഏഴിലെ കോടതി നടപടികൾ നിർണായകമാകും.
അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരക്കമ്പനി ഉടമയ്ക്ക് വിൽപന നടത്തി വിശ്വാസവഞ്ചന നടത്തിയെന്നാണ് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.