• യു.പി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
  • ഗോഗി ഗുണ്ടാസംഘവുമായി ബന്ധമുള്ള സുമിത്, മോഹിത്
  • ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് ഗുരുതര പരുക്ക്

ഉത്തർപ്രദേശിലെ ശാംലിയിൽ പ്രശസ്ത ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൺ വെടിയേറ്റു മരിച്ച കേസ് അന്വേഷണത്തിനിടെ ഏറ്റുമുട്ടൽ. കേസിലെ പ്രധാന പ്രതികളും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഗോഗി ഗുണ്ടാസംഘത്തിലെ ഷൂട്ടർമാരുമായ സുമിത്, മോഹിത് എന്നിവർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ശാംലിയിൽ വെച്ചുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരുക്കേറ്റു.

കഴിഞ്ഞ ബുധനാഴ്ച ജിമ്മിൽ നിന്ന് ഇറങ്ങി വരികയായിരുന്ന അങ്കിത് ബല്യാണിനെ വാഹനത്തിലെത്തിയ നാലംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നത് മുതൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.

പൊലീസിന്റെ തിരച്ചിൽ ശക്തമായി തുടരുന്നതിനിടെ ഇന്ന് പുലർച്ചെ ശാംലിയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തിയത്. 

പൊലീസിനെ തിരിച്ചറിഞ്ഞ ഉടൻ പ്രതികൾ വെടിയുതിർക്കുകയായിരുന്നുവെന്നും തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പരുക്കേറ്റ പൊലീസുകാരെ അടിയന്തര വൈദ്യസഹായത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്ന് കൂടുതൽ ആയുധങ്ങളും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

Famous singer and YouTuber Ankit Balyan was shot dead outside a gym by a four-member gang in Shamli, Uttar Pradesh. Following an intensive police search, two main suspects identified as Sumit and Mohit were cornered during a vehicle check early Monday morning. The suspects opened fire on the police team, leading to a fierce encounter in which both shooters from the Delhi-based Gogi gang were killed. Two police officers sustained serious injuries during the exchange of fire and have been rushed to a nearby hospital for emergency treatment.