TAGS

കേന്ദ്രത്തിനെതിരെ പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധിക്കാൻ സിപിഐ നാളെ. ഡല്‍ഹി രാംലീല മൈതാനിയിലാണ് ഒരു ലക്ഷത്തോളം പേരെ അണിനിരത്തിയുള്ള പ്രതിഷേധം. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും സിപിഐ ബുക്ക് ചെയ്ത സ്‌പെഷൽ ട്രെയിനുകൾ റദ്ദാക്കിയത് അടക്കം സമീപ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

സിപിഐ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഡല്‍ഹിയില്‍ നടത്തുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് പന്തലൊരുങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ ബിഹാറില്‍നിന്നും പഞ്ചാബില്‍നിന്നും പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തി. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ജെന്‍സി പ്രക്ഷോഭത്തിനുശേഷമുള്ള ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രതിഷേധമാണിത്. രാംലീല മൈതാനിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് അനുമതി കിട്ടാന്‍ സിപിഐ ഏറെ പണിപ്പെട്ടു.

ദേശീയ പാര്‍ട്ടി പദവി പോയ സിപിഐയുടെ ശക്തി പ്രകടനത്തിന് കൂടിയാണ് രാംലീല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സിപിഐയ്ക്ക് ഏറ്റവും ശക്തിയുള്ള കേരളത്തില്‍നിന്ന് രണ്ടായിരത്തോളം പേര്‍ ഡല്‍ഹിയിലെത്തും. വൃന്ദ ഗ്രൂവർ, പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍, അഞ്ജലി ഭരദ്വാജ്, ജസ്‌പാൽ ഖുറേഷി അടക്കമുള്ള പ്രമുഖരെയും പ്രതിഷേധത്തിന് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം അടക്കം ഇടത് പാര്‍ട്ടികള്‍ക്കോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ക്ഷണമില്ല.

ENGLISH SUMMARY:

CPI protest Delhi is a major demonstration organized by the Communist Party of India at Ramlila Maidan against the central government. This massive rally aims to showcase the party's strength and voice concerns over various issues.