തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. കാറുടമയായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇന്നലെ രാത്രി ടൈറ്റസ് വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. കാറിന് തീപിടിച്ചതെങ്ങനെ എന്നതിൽ വ്യക്തതയില്ല.
വെങ്ങാനൂർ അയ്യങ്കാളി സ്കൂളിനു സമീപം പ്രധാനപാതയിൽ പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം. പുക ഉയർന്ന വാഹനത്തിൽനിന്ന് നിർത്താതെ ഹോൺ കേട്ട നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പിന്നിലെ വാതിൽ തുറന്ന് ടൈറ്റസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
കാർ പൂർണമായും കത്തി. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലാണ്. കോട്ടയം രജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ടൈറ്റസിനെ തിരിച്ചറിഞ്ഞത്.
ടൈറ്റസ് ഇന്നലെ രാത്രി കോട്ടയത്തെ വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. കാർ കത്തിയതെങ്ങനെ എന്ന് വ്യക്തമല്ല. അപകടത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.