കണ്ണൂര്‍ പിണറായിലെ എസ്.ബി.ഐ എ.ടി.എം സി.ഡി.എമ്മിൽ (ക്യാഷ് ഡിപ്പോസിറ്റ് മെഷീൻ) വ്യാജ കറൻസി നിക്ഷേപിച്ച സംഭവത്തിൽ നിർണ്ണായക അറസ്റ്റ്. കേസിലെ ഒന്നാം പ്രതി നിജാസിന് കള്ളനോട്ടുകൾ നൽകിയ പ്രധാന കണ്ണിയെ പിണറായി പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാങ്ക് സംവിധാനങ്ങളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഗുണനിലവാരത്തോടെ നിർമ്മിച്ച കള്ളനോട്ടുകളാണ് വിതരണം ചെയ്തതെന്ന കണ്ടെത്തലിനെ തുടർന്ന്, കേസിൽ വൻ കള്ളനോട്ട് ശൃംഖല തന്നെ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

രണ്ട് ദിവസം മുൻപാണ് പിണറായിയിലെ എസ്.ബി.ഐ ബാങ്കിന്റെ സി.ഡി.എം മെഷീൻ വഴി അഞ്ഞൂറ് രൂപയുടെ 11 കള്ളനോട്ടുകൾ നിക്ഷേപിക്കപ്പെട്ടത്. സാധാരണ രീതിയിൽ വ്യാജ നോട്ടുകൾ ബാങ്ക് മെഷീനുകൾ തിരിച്ചറിഞ്ഞ് നിരസിക്കാറാണ് പതിവെങ്കിലും, ഒറിജിനലിനെ വെല്ലുന്ന കൃത്യതയോടെ അച്ചടിച്ചതിനാൽ ഈ നോട്ടുകൾ സി.ഡി.എം സ്വീകരിക്കുകയായിരുന്നു.

പിന്നീട് ബാങ്ക് ജീവനക്കാർ നടത്തിയ പതിവ് പരിശോധനയിലാണ് വ്യാജ കറൻസികൾ തിരിച്ചറിഞ്ഞത്. തുടർന്ന് കറൻസിയിലെ സീരിയൽ നമ്പറുകളും പണം നിക്ഷേപിച്ച സമയവും കേന്ദ്രീകരിച്ച് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കഴിഞ്ഞ ദിവസം പിണറായി സ്വദേശിയായ നിജാസിനെ അറസ്റ്റ് ചെയ്തത്.

നിലവിൽ റിമാൻഡിൽ കഴിയുന്ന നിജാസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നോട്ടുകൾ കൈമാറിയ വ്യക്തിയെക്കുറിച്ചുള്ള വിവരം ലഭിച്ചതും തുടർന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയതും. പിടിക്കപ്പെട്ടയാളുടെ പേരുവിവരങ്ങൾ പൊലീസ് തൽക്കാലം പുറത്തുവിട്ടിട്ടില്ല. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വ്യാപകമായി വ്യാജ കറൻസികൾ വിതരണം ചെയ്തിട്ടുണ്ടോ എന്നും, ഇവർ മുൻപും ബാങ്ക് മെഷീനുകൾ വഴി പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും വിശദമായി പരിശോധിച്ചു വരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കള്ളനോട്ടിന്റെ ഉറവിടത്തെക്കുറിച്ചും നിർമ്മാണ സംഘത്തെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

The Pinarayi Police have arrested the key link responsible for supplying high-quality counterfeit currency in the SBI CDM fake note deposit case in Kannur. The investigation gained momentum after 11 fake five-hundred-rupee notes were successfully deposited into the Cash Deposit Machine, bypassing its security mechanisms. The initial arrest of Nijasa, a local resident identified via CCTV footage and serial numbers, led law enforcement to the main operative who provided the notes. Authorities now suspect a widespread counterfeit racket operating in the region and are interrogating the suspect to uncover the origin and manufacturing source of the notes.