bcb-tamim-iqbal-2
  • ' ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തില്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. ഇരു ബോര്‍ഡുകളും പരമ്പര നടത്താന്‍ കഴിവതും പരിശ്രമിക്കുന്നു. തീയതിയും സമയവും കണ്ടെത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം'.

ഇന്ത്യ–ബംഗ്ലദേശ് പരമ്പര ഉപേക്ഷിച്ചിട്ടില്ലെന്ന് ബിസിബി പ്രസിഡന്‍റ് തമീം ഇക്ബാല്‍. പരമ്പരയുടെ തീയതി തീരുമാനിക്കുന്നതില്‍ ബിസിസിഐയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും തമീം പറഞ്ഞു. ' ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തില്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. ഇരു ബോര്‍ഡുകളും പരമ്പര നടത്താന്‍ കഴിവതും പരിശ്രമിക്കുന്നു. തീയതിയും സമയവും കണ്ടെത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം'. പരമ്പര നടക്കുമെന്ന് തന്നെയാണ് തന്‍റെ കണക്കുകൂട്ടലെന്നും കാത്തിരുന്ന് കാണാമെന്നും ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്രിക്കറ്റ് ബോര്‍ഡിന്‍റെ പരിധിക്കപ്പുറമുള്ള ചില കാര്യങ്ങളുണ്ടെന്നും ബിസിബി പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ക്കകത്ത് നിന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും തമീം വ്യക്തമാക്കി. മുന്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ ബംഗ്ലദേശ് ടീമും ഇന്ത്യയും തിരക്കിലാണ്. മൂന്ന് പരമ്പരകളാണ് ബംഗ്ലദേശിന് അതിനിടയിലുള്ളത്. ഇന്ത്യയ്ക്കും അങ്ങനെയൊക്കെ തന്നെയാണ്'- തമീം വിശദീകരിച്ചു. 

അതേസമയം, ട്വന്‍റി 20 ലോകകപ്പ് ബംഗ്ലദേശ് ബഹിഷ്കരിച്ചതില്‍ തനിക്ക് വിയോജിപ്പുണ്ടെന്ന് തമീം തുറന്ന് പറഞ്ഞു. അത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ അത് കുറേക്കൂടി അവധാനതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും തമീം പറയുന്നു. ' അത് കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച പറ്റി. മുസ്തഫിസുറിന്‍റെ വിഷയം രാജ്യത്തെ മുഴുവന്‍  നിരാശയിലാക്കി. അങ്ങനെ സംഭവിച്ചു കൂടെന്ന് തന്നെയാണ് അന്നും ഇന്നും ഞാന്‍ പറയുന്നത്. ലോകകപ്പ് കളിക്കാന്‍ ടീം എല്ലാ തയാറെടുപ്പുകളും എടുത്തിരുന്നതാണ്. ബംഗ്ലദേശിലെ ജനങ്ങളും അതിനായി കാത്തിരിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിലൊരിക്കലാണെങ്കിലും നാല് വര്‍ഷത്തിലൊരിക്കലാണെങ്കിലും ലോകകപ്പ് കളിക്കുന്നതുവെന്നതില്‍ രാജ്യം ആവേശത്തിലായിരുന്നു. പരിഹരിക്കാനാവാത്ത സ്ഥിതിയിലേക്ക് ആ വിഷയത്തെ എത്തിക്കാന്‍ പാടില്ലായിരുന്നു'- അദ്ദേഹം വിശദീകരിച്ചു. 

ബിസിബി പ്രസിഡന്‍റായി ഐസിസി മുന്‍കൈയെടുത്താണ് തമീമിനെ നിയോഗിച്ചത്. ഇക്കാര്യത്തെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ബിസിബിക്കുള്ളില്‍ നടന്ന പല ചര്‍ച്ചകളെയും കുറിച്ചറിഞ്ഞാല്‍ ഞെട്ടുമെന്നായിരുന്നു തമീമിന്‍റെ മറുപടി. 'മധ്യസ്ഥ ചര്‍ച്ചകളില്‍ നിരവധിക്കാര്യങ്ങള്‍ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്തു. അതൊക്കെ ഞാന്‍ തുറന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. അതിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പരസ്പര ബഹുമാനം നിലനിര്‍ത്തേണ്ടതുള്ളതിനാല്‍ ഞാന്‍ അക്കാര്യത്തില്‍ മൗനം പാലിക്കാന്‍ ആഗ്രഹിക്കുകയാണ്'-തമീം നിലപാട് വ്യക്തമാക്കി. കായികരംഗവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന തന്‍റെ അഭിപ്രായവും തമീം പ്രകടമാക്കി. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ തുടക്കത്തില്‍ തന്നെ തിരിച്ചുവരവില്ലാത്ത തരത്തിലെ തീരുമാനത്തിലേക്ക് നീങ്ങിയാല്‍ പിന്നീട് അത് പരിഹരിക്കാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Bangladesh Cricket Board (BCB) President Tamim Iqbal clarified that the proposed white-ball series between India and Bangladesh has not been cancelled. He stated that discussions are ongoing between the BCB and BCCI to find a suitable calendar window for both busy teams. Addressing the past controversy over Bangladesh boycotting the T20 World Cup, Tamim expressed his disagreement with the decision, noting that the situation—triggered by the Mustafizur Rahman issue—should have been handled with greater diplomatic care. He emphasized that sports should remain separated from political matters and reiterated his optimistic outlook regarding the bilateral series