ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. സെപ്റ്റംബര്‍ മുതല്‍ അടുത്ത വര്‍ഷം മേയ് വരെയുള്ള ഹ്രസ്വകാല കരാറിനാണ് നീക്കം. വിവിധ കമ്പനികളുമായി കരാറിലേര്‍പ്പെടാന്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടി. യൂണിറ്റിന് 12.50 രൂപവരെയാണ് വൈദ്യുതി കമ്പനികള്‍ ആവശ്യപ്പെടുന്നത്. 

മഴക്കാലത്തും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ റെഗുലേറ്ററി കമ്മിഷന്‍ തന്നെ കെ.എസ്.ഇ.ബിയെ വിമര്‍ശിച്ചിരുന്നു. കൃത്യമായ ആസൂത്രണമില്ലാത്തതിന്‍റെ വീഴ്ചയെന്നായിരുന്നു വിലയിരുത്തല്‍. മുന്‍കരുതലെന്ന നിലയിലാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങാനുള്ള നീക്കം. മഴയൊഴിയുന്ന മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാവാതിരിക്കാനാണ് കെ.എസ്.ഇ.ബി നേരത്തെ കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്.

ടാറ്റ, ജിന്‍ഡാല്‍ തുടങ്ങി എട്ട് കമ്പനികളുമായി പ്രാഥമിക ചര്‍ച്ച നടത്തി. അടുത്തമാസം മുതല്‍ അടുത്ത വര്‍ഷം മേയ് 15 വരെ 200 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയാണ് വിവിധ ഘട്ടങ്ങളില്‍ വേണ്ടിവരുന്നത്. കഴിഞ്ഞവര്‍ഷം യൂണിറ്റിന് അഞ്ചും ആറും രൂപയ്ക്ക് വൈദ്യുതി നല്‍കിയ കമ്പനികള്‍ ടെണ്ടറില്‍ ഉയര്‍ന്ന തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി കാലത്തേക്കുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഏഴ് രൂപ മുതല്‍ 12.50 രൂപ വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. മൂന്ന് കമ്പനികള്‍ മാത്രമാണ് പത്ത് രൂപയില്‍ താഴെയുള്ള നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 

കെ.എസ്.ഇ.ബിയുടെ അപേക്ഷ അടുത്തമാസം മൂന്നിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പരിഗണിക്കും. നിലവില്‍ രാത്രികാലങ്ങളില്‍ യൂണിറ്റിന് പരമാവധി പത്ത് രൂപവരെ നല്‍കി വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബിക്ക് അനുമതിയുള്ളത്. 

ENGLISH SUMMARY:

KSEB plans to purchase electricity at high rates from September to May next year to avoid a power crisis. The Kerala State Electricity Board has sought permission from the Regulatory Commission to enter into short-term contracts with various companies, despite facing criticism for poor planning in the past.