പുഴ നീന്തിക്കടന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച കെ.എസ്.ഇ.ബി ജീവനക്കാരന് വൈദ്യുതി മന്ത്രിയുടെ അഭിനന്ദനം. മലപ്പുറം അങ്ങാടിപ്പുറം കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരൻ റഫീക്കിനെയാണ് മന്ത്രി സണ്ണി ജോസഫ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്.റഫീക്ക് കെ.എസ്.ഇ.ബി ജീവനക്കാർക്ക് മാതൃകയെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
അങ്ങാടിപ്പുറം ചാക്കോലിക്കുണ്ട് പ്രദേശത്തെ വൈദ്യുതി പുനസ്ഥാപിക്കാനാണ് റഫീഖ് പുഴനീന്തി കടന്നത്. നിങ്ങള്‍ വളരെ നന്നായിട്ട് വര്‍ക്ക് ചെയ്ത കാര്യം താനറിഞ്ഞുവെന്നും ജീവനക്കാര്‍ക്കെല്ലാം മാതൃകയാണെന്നും മന്ത്രി റഫീക്കിനോട് പറഞ്ഞു. നാട്ടുകാര്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും നമുക്ക് പിന്നീട് കാണാമെന്നും മന്ത്രി ഫോണില്‍ പറയുന്നു. ജീവനക്കാരനെ കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യവും അഭിനന്ദിച്ചു.
അതേസമയം സ്വന്തം ജീവന്‍ പണയംവച്ചും സ്വന്തം കുടുംബത്തെ മറന്നുമുള്ള ഇത്തരം സാഹസജോലികള്‍ ആവശ്യമുണ്ടോ എന്ന രീതിയിലടക്കം ചില ഭിന്നാഭിപ്രായങ്ങളും റഫീഖിന്റെ വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.