വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതിസന്ധിയുടെ പേരില്‍ ഉയര്‍ന്ന വില നൽകി വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഒക്ടോബറിൽ ഹിമാചൽ പ്രദേശിൽ നിന്നുൾപ്പെടെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയത് സാമ്പത്തികാവസ്ഥയെ രൂക്ഷമായി ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ കുറഞ്ഞത് 1000 കോടി രൂപ വേണമെന്ന് കെ.എസ്.ഇ.ബി.
അധികമായി വാങ്ങിയ വൈദ്യുതിയുടെ വില ഓരോ ആഴ്ചയും നൽകിയതിനാൽ ദൈനംദിന ചെലവുകൾക്കു പോലും പണമില്ല. കരാറുകാരുടെ ബില്ലുകൾ ഓണത്തിനു ശേഷം കുടിശികയാണ്. വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളും മുടങ്ങി. കഴിഞ്ഞമാസം ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങിയത് പ്രതിസന്ധി കൂട്ടി. ആയിരം കോടിയെങ്കിലും കിട്ടിയാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാവൂ.
സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധിയില്‍ ഹിമാചലുമായി ചർച്ച നടത്തിയെങ്കിലും ഒക്ടോബറിലാണ് വൈദ്യുതി ലഭിച്ചത്. യൂണിറ്റിന് 14.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങി. ഇതിന് ആദ്യത്തെ ആഴ്ച 80 കോടിയും പിന്നീടുള്ള ആഴ്ചകളിൽ 67 കോടി വീതവും നൽകി. 300 കോടിയോളം രൂപ ഈ കരാറിൽ ചെലവായി. വിഇഎച്ച് ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലും വാങ്ങി.
ഈ കരാറിന് 40 കോടിയോളം ചെലവായി. രണ്ടു കരാറുകൾക്കും റഗുലേറ്ററി കമ്മിഷന്‍റെ അനുമതിയുണ്ടായിരുന്നില്ല. രാത്രികാലങ്ങളില്‍ വൈദ്യുതി ലഭിക്കാൻ കമ്മിഷൻ അനുവദിച്ച കരാറുകളുടെ തുക കൂടി ചേർക്കുമ്പോൾ കഴിഞ്ഞ രണ്ടു മാസം മാത്രം 1000 കോടിയോളം രൂപയുടെ അധികച്ചെലവാണ് കെഎസ്ഇബിക്കുണ്ടായത്.
ഈ ചെലവുകൾ കമ്മിഷൻ അംഗീകരിച്ചാൽ പോലും വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തി കെഎസ്ഇബിക്കു തുക തിരികെ ലഭിക്കാൻ പിന്നെയും കാത്തിരിക്കണം. ഹിമാചൽ പ്രദേശിൽ നിന്നോ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്നോ വലിയ വിലയ്ക്ക് ഇനി വൈദ്യുതി വാങ്ങിയാൽ അത് കെഎസ്ഇബിയുടെയും സര്‍ചാര്‍ജായി ഉപയോക്താക്കളുടെയും കീശ കീറും.