• കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുപത് ശതമാനത്തിലേറെ വെള്ളം കുറവാണെങ്കിലും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പതിനെട്ട് ഡാമുകളിലെയും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്

സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നുവെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുപത് ശതമാനത്തിലേറെ വെള്ളം കുറവാണെങ്കിലും കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പതിനെട്ട് ഡാമുകളിലെയും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ഡാമുകളില്‍ ജലനിരപ്പ് കൂടിയതിനെത്തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും സംഭരണശേഷി കുറഞ്ഞ ഡാമുകളെന്ന് വിശദീകരണം. 

 

രാത്രികാലങ്ങളില്‍ മതിയായ വൈദ്യുതി കിട്ടാനില്ല. നിയന്ത്രണ സാധ്യത. നേരിയ പവര്‍കട്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ പലതവണ കെ.എസ്.ഇ.ബി രാത്രിയില്‍ വൈദ്യുതി മുടക്കി. ചിലസമയത്ത് മുന്നറിയിപ്പുണ്ടായതല്ലാതെ കറന്‍റ് കട്ടുണ്ടായില്ല. അന്തരീക്ഷത്തെ അതിതീവ്ര ചൂടിലേക്കെത്തിക്കുന്ന എല്‍നിനോ പ്രതിഭാസവും ഷോക്കടിപ്പിക്കുമെന്നായപ്പോഴാണ് മഴ കെ.എസ്.ഇ.ബിയുടെ ഡാമുകളെ സംപുഷ്ടമാക്കിയത്. സംസ്ഥാനത്തെ ഊര്‍ജവാഹിനിയെന്നറിയപ്പെടുന്ന ഇടുക്കിയിലെ ഇടുക്കി ഡാമില്‍ 2339 അടി‍ വെള്ളമുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡാമിലേക്ക് ഒഴുകിയെത്തിയത് പത്ത് അടിയിലേറെ വെള്ളമാണ്. 

 

ഷോളയാറില്‍ 2625.30 അടിയാണ് ജലനിരപ്പ്. ഇടമലയാറില്‍ 147.58 മീറ്റര്‍, കക്കി ആനത്തോട് ‍ഡാമില്‍ 961.09 മീറ്റര്‍. ബാണാസുര സാഗറില്‍ 767.25 മീറ്റര്‍. മാട്ടുപ്പെട്ടിയില്‍ 1567 മീറ്റര്‍. ആനയിറങ്കല്‍ ഡാമില്‍ 1196.27 മീറ്റര്‍ അങ്ങനെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള 18 ഡാമുകളിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരുപത് ശതമാനത്തിലേറെ വെള്ളം കുറവാണ്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് ഉറപ്പിക്കുമ്പോള്‍ വൈദ്യുതോല്‍പാദനം പരമാവധിയിലേക്ക് എത്തിക്കാനാവും. ചെറിയ സംഭരണ ശേഷിയുള്ള ‍ഡാമുകളാണ് റെഡ് അലേര്‍ട്ട് പരിധിയില്‍പ്പെടുത്തി തുറന്ന് വിട്ടിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി. വേനല്‍ കനക്കുന്ന മാസത്തേക്കുള്ള കരുതല്‍ വെള്ളം കിട്ടുമെന്ന് ഉറപ്പിച്ചാല്‍ നിലവിലെ വൈദ്യുതി പ്രതിസന്ധിയൊഴിയും.  

ENGLISH SUMMARY:

While the ongoing heavy rainfall has raised concerns across Kerala, it is also offering hope of easing the state's power crisis, according to the Kerala State Electricity Board (KSEB). Although the total water storage remains more than 20% lower than the same period last year, water levels have risen significantly in all 18 dams managed by KSEB. A Red Alert has been issued for five dams due to rising water levels. However, KSEB clarified that these are dams with relatively low storage capacity and that the alerts are precautionary.