• പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ. സമൻസുമായെത്തിയ ഉദ്യോഗസ്ഥർ വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു.

സിഎംആര്‍എല്‍ പണമിടപാട് കേസില്‍, പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി സമന്‍സ് ഭിത്തിയില്‍ പതിപ്പിച്ച് ഇ.ഡി. പിണറായി വീട്ടിലില്ലാത്ത നേരത്ത് എത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍, വീട്ടിലെ  ജീവനക്കാരുടെ കയ്യില്‍ സമന്‍സ് നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സ്വീകരിച്ചില്ല. ഇതോടെ ഭിത്തിയില്‍ ഒട്ടിച്ച് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. പിണറായിയുടെ ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍, വിദേശത്ത് സ്വത്തുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, ആസ്തികളുടെ വിശദാംശങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ എന്നിവ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.  ഭിത്തിയില്‍ നോട്ടിസ് പതിച്ചത് അന്യായമാണെന്നും ഇ.ഡി. അത് ചെയ്യുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും വി.ശിവന്‍കുട്ടി പ്രതികരിച്ചു. Also Read: 'പിണറായിയും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി; തിരുത്താനായില്ല'; രൂക്ഷ വിമര്‍ശനം

അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ഇഡി പിണറായി വിജയന് സമൻസ് അയച്ചത്. കേസിൽ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സമൻസ് ലഭിച്ചത്. നിയമസഭാ സമ്മേളനവും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ചുമതലകളും ചൂണ്ടിക്കാട്ടിയായിരിക്കും ഇഡിക്ക് മറുപടി നൽകുക എന്നാണ് സൂചന.

കേസിൽ അന്വേഷണം നടത്താൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ നടപടികളുടെ വിവരങ്ങളും ഇഡിയെ അറിയിച്ചേക്കും. ഇതോടെ, മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് അയച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് മുഹമ്മദ് റിയാസ് പ്രതിപ്പട്ടികയിലുള്ളത്. ഇതിന് പിന്നാലെ ഇഡി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്ത് റിയാസിനെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു.

കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി നീക്കം നടത്തുന്നത്. ഈ കേസിലെ ആദ്യഘട്ട ചോദ്യം ചെയ്യലുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മുഹമ്മദ് റിയാസിനെ വിളിപ്പിക്കുന്നതെന്നാണ് സൂചന.

ENGLISH SUMMARY:

Enforcement Directorate officials visited Pinarayi Vijayan's residence to serve a summons in a high-profile money laundering case. The opposition leader is reportedly planning to skip the upcoming interrogation by citing the ongoing Kerala Legislative Assembly session and pending Supreme Court proceedings.