ഇടുക്കിയില്‍ രണ്ടിടത്ത് മണ്ണിടിച്ചില്‍. വണ്ണപ്പുറം–ചേലച്ചുവട് സംസ്ഥാനപാതയില്‍ കമ്പകക്കാനത്തിന് സമീപത്തായി മണ്ണിടിച്ചില്‍. വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു. 28 കിലോ മീറ്റര്‍ നീളമുള്ള പാതയില്‍ കയറ്റവും ഹെയര്‍പിന്‍ വളവുകളുമുണ്ട്. കാര്യമായ മണ്ണിടിച്ചില്‍ മുന്‍പുണ്ടായിട്ടില്ലാത്ത സ്ഥലമാണെന്നും എന്നാല്‍ ഇന്നലെയും ഇന്നുമായി മണ്ണിടിച്ചില്‍ ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. സംസ്ഥാനപാത വികസനത്തിന്‍റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശമാണിവിടം. ഇനിയും മണ്ണിടിഞ്ഞേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
അതിനിടെ വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളിലൊരാളുടെ കൂടി മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശി ആന്‍റണിയാണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഫ്രീമാന്‍റെ മൃതദേഹം രാവിലെ കണ്ടുകിട്ടിയിരുന്നു.
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബിക്ക് കീഴിലുള്ള 18 ഡാമുകളില്‍ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്. തൃശൂരിലെ പൊരിങ്ങല്‍ക്കുത്ത്, ഇടുക്കിയിലെ ഡാമുകളായ കല്ലാര്‍കുട്ടി, എരട്ടയാര്‍, ലോവര്‍ പെരിയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍ എന്നീ ഡാമുകളിലാണ് ജലനിരപ്പ് കാര്യമായി ഉയര്‍ന്നത്. മതിയായ മുന്നറിയിപ്പ് നല്‍കി ഈ ഡാമുകളില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് എട്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ മല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മൂന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പതിമൂന്നുപേര്‍ക്കാണ് പരുക്കേറ്റത്. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വെള്ളം കയറിയ പ്രദേശങ്ങളില്‍ ശുചീകരണത്തിന് നിര്‍ദേശം നല്‍കിയെന്നും ദുരിതാശ്വാസ ക്യാംപുകള്‍ പരാതിരഹിതമാക്കാന്‍ ശ്രമം തുടങ്ങിയതായും റവന്യൂ മന്ത്രി അറിയിച്ചു.
അതേസമയം, ദുരന്തനിവാരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വി.ശിവന്‍കുട്ടി. ഉണ്ടായത് സര്‍ക്കാര്‍ നിര്‍മിത പ്രളയം. സെക്രട്ടേറിയറ്റിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കേണ്ട മുഖ്യമന്ത്രി ആ സമയത്ത് വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. മഴ മുന്നറിയിപ്പ് നല്‍കുന്നതിലും വീഴ്ചയുണ്ടായെന്ന് ശിവന്‍കുട്ടി ആരോപിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ടെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതല്ല വി.ഡി.സതീശന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും പി. രാജീവും വിമര്‍ശിച്ചു.