മെസിയുടെ സന്ദര്‍ശനത്തിന്റെ മറവിലെ തട്ടിപ്പ് അന്വേഷിക്കാന്‍ ഇ.ഡിയും. ഫെമ നിയമലംഘനത്തില്‍ ഇ.ഡി പരിശോധന തുടങ്ങി. കായിക സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനായി സര്‍ക്കാരിനെ സമീപിക്കും എന്നാണ് വിവരം. അതേസമയം, തട്ടിപ്പില്‍ പിണറായി സര്‍ക്കാര്‍ പൊലീസ് റിപ്പോര്‍ട്ടും അവഗണിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മെസിയും ടീമും വരാനിടയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. സ്പോണ്‍സറുടേത് സ്വന്തം പ്രമോഷനെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സ്പോണ്‍സറുടെ ക്രിമിനല്‍ പശ്ചാത്തലം എല്‍ഡിഎഫ് സര്‍ക്കാരിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍.
അർജൻറീന ടീം കേരളത്തിൽ എത്തുമെന്ന് വാഗ്ദാനം സർക്കാരും സ്പോൺസറും തുടർന്നത് ഫിഫ അനുമതി ഉറപ്പില്ലാതെ എന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്. അർജൻറീന ഫുട്ബോൾ അസോസിയേഷനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മിലുള്ള അന്തിമ കരാറിലാണ് വിവരങ്ങൾ ഉള്ളത്. അർജൻറീനയെ കേരളത്തിൽ എത്തിക്കാനുള്ള നീക്കത്തിൽ എവിടെയും ഫിഫ അനുമതി ഉണ്ടായില്ല. മാർച്ചിൽ മത്സരം നടക്കുമെന്ന് ആരാധകർക്ക് മുന്‍കായിക മന്ത്രി ഉറപ്പു നൽകിയതും ഫിഫ അനുമതിയില്ലാതെയായിരുന്നു.
അതേസമയം, അർജൻ്റീന ഫുട്ബോൾ അസോസിയേഷനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിൽ താൻ സാക്ഷിയായായി ഒപ്പിട്ടത് ഫുട്ബോളിനോടുള്ള ഇഷ്ടംകൊണ്ടാണന്ന് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റും ഇന്ത്യൻ ഫുട്ബോൾ മുൻ കാപ്റ്റനുമായ യു.ഷറഫലി മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിർദേശം വരുന്നതിനു മുൻപാണോ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ എഴുതിയതെന്ന് ഓർമയില്ലന്നും അദ്ദേഹം പറഞ്ഞു. ഷറഫലി സാക്ഷിയായി ഒപ്പുവച്ച കരാറിൻ്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.