അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാനുള്ള നീക്കത്തിൽ എവിടെയും ഫിഫയുടെ അനുമതി ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. ഫിഫയുടെ അനുമതി ഉറപ്പില്ലാതെയാണ് അർജന്‍റീന എത്തുമെന്ന വാഗ്ദാനം സർക്കാരും സ്പോൺസറും തുടർന്നത്. അർജൻറീന ഫുട്ബോൾ അസോസിയേഷനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മിലുള്ള അന്തിമ കരാറിലാണ് ഇതിന്റെ വിവരങ്ങൾ ഉള്ളത്. അന്തിമ കരാറിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ഫിഫ അനുമതിക്കായി പരമാവധി ശ്രമിക്കാം എന്ന് മാത്രമായിരുന്നു അർജൻറീന ഫുട്ബോൾ അസോസിയേഷന്റെ വാഗ്ദാനം. അന്തിമമായി പുതുക്കിയ കരാറിലും ഫിഫ അനുമതി എഫ്എ ഉറപ്പു നൽകുന്നില്ല എന്ന് കരാർ വ്യക്തമാക്കുന്നുണ്ട്. ഫിഫ അനുമതി ഇല്ലെന്ന് അറിഞ്ഞിട്ടും ടീം എത്തുമെന്ന് വാഗ്ദാനം സർക്കാർ തുടർന്നത് സംശയാസ്പദമാവുകയാണ്. നവംബറിൽ കേരളത്തിൽ എത്താനും ഫിഫ അനുമതി നൽകിയിരുന്നില്ല. മാർച്ചിൽ മത്സരം ആരാധകർക്ക് മന്ത്രി ഉറപ്പു നൽകിയതും ഫിഫ അനുമതിയില്ലാതെയായിരുന്നു.
ഷറഫലി എല്ലാത്തിനും സാക്ഷി!
അതേസമയം, അർജൻ്റീന ഫുട്ബോൾ അസോസിയേഷനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിൽ താൻ സാക്ഷിയായായി ഒപ്പിട്ടത് ഫുട്ബോളിനോടുള്ള ഇഷ്ടംകൊണ്ടാണന്ന് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റും ഇന്ത്യൻ ഫുട്ബോൾ മുൻ കാപ്റ്റനുമായ യു. ഷറഫലി മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക നിർദേശം വരുന്നതിനു മുൻപാണോ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ എഴുതിയതെന്ന് ഓർമയില്ലന്നും അദ്ദേഹം പറഞ്ഞു.
യു. ഷറഫലി സാക്ഷിയായി ഒപ്പുവച്ച കരാറിൻ്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്നു ഷറഫലി. ആര്‍ബിസി എം.ഡിക്ക് പുറമെ കേരളത്തില്‍നിന്ന് ഒപ്പിട്ടത് ഷറഫലി മാത്രമാണ്.