കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ അറസ്റ്റില്‍. എറണാകുളം കണയന്നൂര്‍ ലാന്‍ഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്‍റണിയാണ് വിജിലന്‍സിന്‍റെ പിടിയിലായത്. കൃഷിഭൂമി പുരയിടമാക്കി രേഖ നല്‍കാന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ രണ്ട് ഏജന്‍റുമാരും പിടിയിലായി.
എളമക്കരയിലെ കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയാണ്. വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസിൽദാർ ജോസഫ് ആന്‍റണിയുടെ സഹായി തന്നെ പരാതി നല്‍കുന്നു. Also Read: 'എന്‍റെ വിഡിയോകള്‍ ലക്ഷ്മി മനഃപൂർവ്വം ഉപയോഗിച്ചു, എന്നെ ഇതിലേയ്ക്ക് വലിച്ചിഴച്ചു'; ആരതി പൊടി
പ്രശ്നപരിഹാരത്തിന് സ്ഥലം ഉടമ ജോസഫ് ആന്‍റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ നീക്കത്തിലാണ് കടവന്ത്രയില്‍വച്ച് ജോസഫ് ആന്‍റണിയും ഏജന്‍റുമാരായ ഷിബിന്‍, കണ്ണന്‍ എന്നു വിളിക്കുന്ന രാജേഷ് എന്നിവര്‍ പിടിയിലായത്. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്. കൂടുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.