AI Image
എറണാകുളം പെരുമ്പാവൂരിൽ ബാർ ഹോട്ടലിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ അൻപത്തിയൊന്നുകാരൻ മരിച്ച നിലയിൽ. കളമശ്ശേരി സ്വദേശി റിനീഷ്.കെ.ബഷിർ ആണ് മരിച്ചത്. പെരുമ്പാവൂർ വാഴക്കുളം എലഗൻസ് ബാറിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടത്.
രാവിലെ ഇയാൾ ബാറിൽ എത്തി മദ്യപിച്ചിരുന്നു. വൈകിട്ട് സെക്യൂരിറ്റി ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ അനക്കമില്ലാതെ ഇരിക്കുന്നയാളെ കണ്ടത്. പുറമേ നിന്ന് വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇയാൾ മരിച്ചതായി വ്യക്തമായത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.