മെസ്സിയുടെ വരവിന്റെ കള്ളക്കളിയുടെ കൂടുതല്‍ വിവരങ്ങള്‍ മനോരമ ന്യൂസിന്. മെസ്സിയുടെ കേരള സന്ദര്‍ശനത്തില്‍ സര്‍ക്കാരിനെയും വിരട്ടി സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി. മല്‍സരം സംഘടിപ്പിക്കാനുള്ള 24.12.2024 ലെ ആദ്യ ഉത്തരവ് വിരട്ടി, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള (എഎഫ്എ)യുമായി കരാറില്‍ ഏര്‍പ്പെടാനുള്ള അനുമതിയാക്കി തിരുത്തിച്ചു. ഇത് ഗുരുതര സ്വഭാവമുള്ള തിരുത്തലാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read: മെസി വരുമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു; ഉന്നതതല അന്വേഷണം വരും
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തില്‍ ലാഭം കമ്പനിക്ക് മാത്രം. സ്പോണ്‍സര്‍ക്കുള്ള ലാഭത്തിന്റെ വിഹിതം സര്‍ക്കാരിനില്ല. സ്പോണ്‍സറെ കണ്ടെത്തിയതിലും ഗുരുതര വീഴ്ചയുണ്ടായി. വാക്കാലുള്ള നിര്‍ദേശത്തിലാണ് സ്പോണ്‍സറെ തിരഞ്ഞെടുത്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെസ്സിയുടെ സന്ദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ സര്‍ക്കാര്‍ ഉടന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചേക്കും.
മെസ്സിയുടെ പേരില്‍ മുന്‍ കായികമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് മന്ത്രി ഒ.ജെ.ജനീഷ്. സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നു . നടപടിക്രമങ്ങളില്‍ വലിയ വീഴ്ചയുണ്ടായി. വി.അബ്ദുറഹിമാന്റെ വിദേശ യാത്ര അന്വേഷിക്കും. വിദേശ യാത്രയ്ക്ക് 14 ലക്ഷംരൂപ ഉപയോഗിച്ചെന്നും കായിക മന്ത്രി.
മെസ്സിയുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ ഇ ഡി അന്വേഷണം വേണമെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോടികളുടെ കള്ള പണം വെളുപ്പിക്കലിലൂടെ ഉണ്ടായിരിക്കുന്നത് ദേശ വിരുദ്ധ പ്രവർത്തിയാണ്. അന്നത്തെ മുഖ്യമന്ത്രിയും കായിക മന്ത്രിയും അറിഞ്ഞാണ് തട്ടിപ്പും കളള പണം വെളുപ്പിക്കലും നടന്നതെന്നും മുഹമ്മദ് ഷിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
മെസ്സി വിവാദത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് റിയാസ് എംഎല്‍എ. മുന്‍ കായികമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറഞ്ഞിട്ടുണ്ട്. അതില്‍കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.