മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ കഴിഞ്ഞ സർക്കാർതലത്തിൽ ഉന്നതതല നീക്കം നടന്നതിന്റെ തെളിവുകൾ പുറത്ത്. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ കേസുകൾ റദ്ദാക്കുകയോ കുറ്റപത്രം നൽകാതിരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തലവന്‍ വി.വി. ബെന്നി വനംവകുപ്പിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

 

കത്തിന്റെ പകർപ്പ് മരംമുറി കേസിൽ പിണറായി വിജയൻ സർക്കാരിന്റെ അന്വേഷണ സംഘത്തലവൻ വി.വി. ബെന്നി വനംവകുപ്പ് ഉത്തരമേഖലാ സിസിഎഫിനാണ് കത്തയച്ചത്. വനംവകുപ്പ് ചുമത്തിയ 43 കേസുകൾ റദ്ദാക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. അന്നത്തെ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് ഈ കത്തു നൽകിയതെന്നാണ് സൂചന 

 

Also read: മുട്ടിൽ മരംമുറിയിൽ ഗൂഢാലോചന നടന്നു; ജയതിലക് ഇറക്കിയ ഉത്തരവും അന്വേഷിക്കണം: മന്ത്രി

അതേസമയം, മുട്ടില്‍ മരംമുറിക്ക് വഴിയൊരുക്കിയ വിവാദ ഉത്തരവ് ഇറക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച് വനംവകുപ്പിന് ലഭിച്ച പരാതി മുഖ്യമന്ത്രിക്ക് കൈമാറാനാണ് മന്ത്രി ഷിബു ബേബി ജോണിന്റെ തീരുമാനം. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരമാണ് പരാതി നല്‍കിയത്. ആഭ്യന്തര, റവന്യൂ മന്ത്രിമാരോട് കൂടിയാലോചിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ ഇന്നലെ പറഞ്ഞിരുന്നു. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അന്ന് റവന്യൂവകുപ്പ് വിവാദ ഉത്തരവിറക്കിയതെന്ന് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാണ് സര്‍ക്കാരിന് മുന്‍പിലുള്ള ആവശ്യം

 

മുട്ടിൽ മരംമുറി കേസിൽ 5 വർഷത്തിനുശേഷം വനം വകുപ്പ് ആദ്യത്തെ കുറ്റപത്രം അടുത്തിടെയാണ് സമർപ്പിച്ചത്. വയനാട്ടിൽനിന്ന് അഗസ്റ്റിൻ സഹോദരന്മാർ വെട്ടിക്കടത്തിയ 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ 2021 ഫെബ്രുവരി 3നു മേപ്പാടി റേഞ്ച് ഓഫിസർ കസ്റ്റഡിയിലെടുത്ത കേസിലാണു ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. എറണാകുളം കരിമുകളിലെ അലിയാറുടെ മലബാർ ടിംബർ ഇൻസ്ട്രീസിൽ നിന്നാണ് 54 കഷണം ഈട്ടിത്തടികൾ പിടിച്ചെടുത്തത്. 48 കേസുകളിൽ ഇനിയും കുറ്റപത്രം നൽകാനുണ്ട്. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രത്യേക അന്വേഷണസംഘം 2023 ഡിസംബറിൽ കുറ്റപത്രം നൽകിയിരുന്നു. 

 

മുട്ടിൽ വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമകളുമായ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ മറ്റു പ്രതികളുമായ കേസിലാണു കുറ്റപത്രം നൽകിയത്. ഇവരുടെ ഡ്രൈവർമാരും മറ്റു സഹായികളുമടക്കം 7 പേരാണു പ്രതിപ്പട്ടികയിൽ. മരങ്ങളുടെ കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കാൻ വനം വകുപ്പിനു കഴിഞ്ഞിട്ടില്ല. 

 

വയനാട്ടിൽനിന്ന് ആകെ 15 കോടി രൂപ വിലമതിക്കുന്ന ഈട്ടിത്തടികളാണ് 2020 ഒക്ടോബറിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിൽ മുറിച്ചുകടത്തിയത്. 

ഇവരുൾപ്പെടെ ഉള്ളവരിൽനിന്നു പിഴയായി 8.29 കോടി രൂപ ഈടാക്കാൻ നോട്ടിസ് നൽകി 3 വർഷമായിട്ടും തുടർ നടപടികളുമില്ല. 30 ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്നിരിക്കെയാണ് റവന്യു വകുപ്പിന്റെ മെല്ലെപ്പോക്ക്.

ENGLISH SUMMARY:

The Muthel tree cutting case is under scrutiny with revelations of high-level attempts to derail investigations during the previous government's tenure. Evidence suggests former officials sought to quash cases against the Augustine brothers, highlighting potential corruption within the forest and revenue departments.