വൈദ്യുതി തടസം തുടര്‍ക്കഥയായതോടെ ഫോര്‍ട്ട് കൊച്ചിയിലെ വൈദ്യുതിബോര്‍ഡ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍. കുന്നുംപുറം കെ.എസ്.ഇ.ബി ഓഫിസില്‍ എത്തിയ യുവാവ് വൈദ്യുതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മറുപടി വൈകിയതോടെ ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ചു. ഫ്യൂസ് കുത്തിയില്ലെങ്കില്‍ നല്ല ഇടി കിട്ടുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രിയാണ് പ്രതിഷേധം അരങ്ങേറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. യുവാവിനെതിരെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി.
‘പകല്‍ മുഴുവന്‍ പണിയെടുത്തിട്ട് വന്ന് കിടക്കാന്‍ നോക്കുമ്പോഴാണ് നിന്‍റെയൊക്കെ ഒരു പവര്‍കട്ട്! നിനക്ക് പറയുന്നത് കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ മറ്റവനെ വിളിക്ക്, അവനൊക്കെ പോയി സുഖമായി കിടന്നുറങ്ങുന്നുണ്ടാവും. ഒന്നുകില്‍ ഫ്യൂസ് കുത്ത്, അല്ലെങ്കില്‍ അയാളെ വിളിക്ക്. എന്തെങ്കിലും ഒന്ന് ചെയ്യ്... ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ? നിനക്കൊന്നും ഒരു ബോധവുമില്ലേ...’ – ഇതായിരുന്നു രോഷാകുലനായ യുവാവിന്‍റെ വാക്കുകള്‍. ഒന്നും മിണ്ടാതിരിക്കുന്ന ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ തെറിവിളിക്കുന്നുമുണ്ടായിരുന്നു. Read More: പവര്‍കട്ടോ...ഇന്‍വെര്‍ട്ടറാണ് പോംവഴി...
യുവാവിന്‍റെ രോഷത്തെ അനുകൂലിക്കുമ്പോഴും തെറിവിളിച്ചത് ശരിയായില്ലെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ചിലര്‍ പറയുന്നു. ‘ആരെങ്കിലുമൊക്കെ പ്രതികരിക്കാനുണ്ടല്ലോ, അതുതന്നെ ജനാധിപത്യം’ എന്നാണ് മിഥുന്‍ ജി സുന്ദര്‍ എന്ന യൂസര്‍ മനോരമന്യൂസ് ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോയില്‍ കമന്‍റ് ചെയ്തത്. ‘ഉറങ്ങാൻ കിടക്കുമ്പോ കറണ്ട് പോയാൽ ആരായാലും കയ്യീന്ന് പോകും, സ്വഭാവികം’ എന്നായിരുന്നു നൗസീര്‍ എന്ന യൂസറുടെ പ്രതികരണം. എന്നാല്‍ യുവാവിന്‍റെ ചെയ്തിക്കുപിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിക്കുന്നവരെയും കണ്ടു. Read More: പവര്‍കട്ടിനിടെ പ്രിയ മീനുകള്‍ ചത്തു; ജീവനൊടുക്കി യുവാവ്
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് നാലുദിവസമായി അടിക്കടി വൈദ്യുതി മുടക്കമുണ്ട്. വലിയ വിലകൊടുത്തിട്ടും വൈദ്യുതി കിട്ടാനില്ല എന്നാണ് ബോര്‍ഡിന്‍റെ നിലപാട്. നാലും അഞ്ചും മണിക്കൂറാണ് പലയിടത്തും അപ്രഖ്യാപിത പവര്‍കട്ട്. രാത്രി രണ്ട് ഘട്ടങ്ങളിലായി ഒരുമണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നുണ്ട്. വൈദ്യുതി കിട്ടാതെ വരുന്ന സമയത്ത് ലോഡ് കൂടി സബ്സ്റ്റേഷനുകളില്‍ നിശ്ചിതസമയം ഫീഡര്‍ ഓഫ് ചെയ്യാന്‍ നിര്‍ദേശിക്കും. ഇതുകാരണം എവിടെ എപ്പോള്‍ കറന്‍റ് കട്ട് ഉണ്ടാകും എന്ന് ഉപഭോക്താക്കളെ അറിയിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.