ആൺസുഹൃത്ത് പൊതുസ്ഥലത്തുവെച്ച് മർദിച്ചതിലുള്ള മനോവിഷമത്തിൽ കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക അധ്യാപിക ജീവനൊടുക്കി. കണ്ണൂർ പാനൂർ വെള്ളങ്ങാട് സ്വദേശിനി ആദിത്യ (28) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദിത്യയുടെ ആൺസുഹൃത്തായ ശരൺ എന്നയാൾക്കെതിരെ പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂൺ 8-നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ആദിത്യയെ ആൺസുഹൃത്തായ ശരൺ പരസ്യമായി മർദ്ദിക്കുകയുണ്ടായി. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള മനോവിഷമത്തിലായിരുന്ന ആദിത്യ കഴിഞ്ഞ ജൂൺ 15-ന് സ്വന്തം വീട്ടിൽ വെച്ച് മരിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ ഇവരെ കണ്ടെത്തുകയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആദിത്യ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ച കഴിഞ്ഞ പതിനഞ്ചാം തീയതി തന്നെ കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് ശരണിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. മർദ്ദനത്തിനാണ് അന്ന് കേസ് എടുത്തതെങ്കിലും, യുവതി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ പുതിയ വകുപ്പുകൾ ചുമത്തി അന്വേഷണം വ്യാപിപ്പിക്കും.

നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതിയായ ശരണിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

ENGLISH SUMMARY:

Kannur University lecturer Adithya (28) died by suicide following severe mental distress after being publicly assaulted by her boyfriend. The incident has led to a police case and an ongoing investigation into the matter.