ബിഹാറിലെ നവാഡയിൽ യുവാവിനെയും യുവതിയെയും നടുറോഡില്‍ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത  രണ്ടുപേര്‍ അറസ്റ്റില്‍ .  ഇവരെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.  ജൂലൈ 8-ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നവാഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയും ബന്ധുവായ യുവാവും ചൂട് കാരണം ചാർഖി പഹാഡ് മേഖലയിലെ മാധോപൂരിന് സമീപം ഒരു മരച്ചുവട്ടിൽ ബൈക്ക് നിര്‍ത്തി വിശ്രമിക്കുകയായിരുന്നു. ഈ സമയം ഒരു സംഘം ആളുകൾ സ്ഥലത്തെത്തി ഇരുവരെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. ബുർഖ ധരിച്ചിരുന്ന യുവതിയോട് മുഖപടം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട സംഘം, കൂടെയുണ്ടായിരുന്ന യുവാവിനെക്കൊണ്ട് യുവതിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിക്കുകയും ചെയ്തു. കൂടാതെ, യുവതിയോട്  ഒപ്പമുണ്ടായിരുന്നവരില്‍ ഒരാളെ വിവാഹം കഴിക്കാൻ സംഘം ആവശ്യപ്പെടുന്നതും  ദൃശ്യങ്ങളിലുണ്ട്.

തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും അവർ അതൊന്നും വകവയ്ക്കുന്നില്ല. തീവ്രഹിന്ദുത്വ അനുകൂലികളാണ് സംഭവത്തിന് പിന്നില്‍ എന്നാണ് ആരോപണം. ‘ഇതിന്‍റെ വിഡിയോ ഞങ്ങൾ എടുക്കും, അതൊരു തെളിവായി ഇരിക്കട്ടെ’ എന്ന് സംഘത്തില്‍ ഒരാള്‍ പറയുന്നതും  വിഡിയോയിൽ കേൾക്കാം. യുവതിയുടെ സുഹൃത്തും ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ, ‘നീ സിന്ദൂരം ചാർത്ത്, പിന്നീട് മുസ്‌ലിം ആചാരപ്രകാരം നടന്നോളൂ’ എന്ന് അക്രമികളിലൊരാൾ പറയുന്നതും ദൃശ്യത്തിലുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരേയും സംഘം പിന്തുടരുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു.

മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതി നൽകിയ പരാതിയിൽ താലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളിലെ ബൈക്കുകളുടെ നമ്പറുകൾ പരിശോധിച്ചാണ് സംഘത്തിലെ ധർമ്മേന്ദ്ര കുമാർ, ബഹാദൂർ ചൗധരി എന്നിവരെ പൊലീസ് പിടികൂടിയത്. സംഭവം പ്രദേശത്ത് വലിയ സംഘർഷത്തിനും കാരണമായിട്ടുണ്ട്. 

ENGLISH SUMMARY:

Two individuals arrested in Bihar's Nawada for harassing and forcing a couple to perform marriage rituals. Police confirm investigation is ongoing.