തിരുവനന്തപുരം കിളിമാനൂരില്‍ അച്ഛനെയും മകനെയും അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന് പരാതി. കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനും മകനുമാണ് ക്രൂരമര്‍ദനമേറ്റത്. അനില്‍കുമാറിന്‍റെ മകളെ സുധീഷെന്നയാള്‍ക്ക് വിവാഹം കഴിച്ചു നല്‍കാന്‍ വിസമ്മതിച്ചതിനാണ് ക്രൂരമര്‍ദനം. രണ്ട് വര്‍ഷം മുന്‍പ് സുധീഷ്, അനില്‍കുമാറിന്‍റെ മകളെ വിവാഹം ആലോചിച്ചിരുന്നു. അന്ന് തന്നെ അനില്‍കുമാര്‍ വിസമ്മതിക്കുകയും ചെയ്തു. ഈ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. സ്ക്രൂഡ്രൈവറും പ്ലെയറും ഹെല്‍മറ്റും വച്ചായിരുന്നു ആക്രമണം.
അടിയന്തരമായി കുറച്ച് ജോലി ചെയ്യാനുണ്ടെന്ന് പറഞ്ഞ് സുധീഷിന്‍റെ മുത്തച്ഛന്‍റെ ഉടമസ്ഥതയിലുള്ള പണിതീരീത്ത വീട്ടിലേക്ക് അനില്‍കുമാറിനെ ഇന്നലെ രാത്രി ഇവര്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. വീട്ടില്‍ കയറിയതും അനില്‍കുമാറിന്‍റെ ഹെല്‍മെറ്റ് തട്ടിപ്പറിച്ച് തലയ്ക്കടിച്ചു. പിന്നാലെ ചങ്ങല കൊണ്ട് കൈകള്‍ ബന്ധിച്ചശേഷമായിരുന്നു മര്‍ദനം. സ്ഫോടകവസ്തുക്കള്‍ക്ക് സമാനമായതെന്തോ ശരീരത്തില്‍ കെട്ടിവച്ചുവെന്നും അനില്‍കുമാര്‍ പറയുന്നു. ഇതിന് പിന്നാലെ അനില്‍കുമാറിന്‍റെ മകനെയും വിളിച്ചു വരുത്തിമര്‍ദിച്ചു.
അമ്മയെ കൂട്ടിക്കൊണ്ട് വന്നില്ലെങ്കില്‍ അനില്‍കുമാറിനെ അപായപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതോടെ മകന്‍ ഓടിപ്പോയി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ ബന്ധനസ്ഥനായ നിലയിലാണ് അനില്‍കുമാറിനെ കണ്ടെത്തിയത്. ശരീരമാസകലം പരുക്കുകളുമുണ്ടായിരുന്നു. പൊലീസാണ് അനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. അനില്‍കുമാറിനെ അപായപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പൊലീസിന്‍റെ സംശയം. പണിതീരാത്ത വീടിന് സമീപത്തായി കുഴിയും അക്രമികള്‍ എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി.