വ്യക്തികൾക്ക് സ്മാരകം നിർമിക്കാറില്ലാത്ത ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ്.സ്മാരകവും ടി.വി.തോമസ് സ്മാരകവും നിർമിക്കുന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ മനോരമ ന്യൂസിനോട് പറഞ്ഞു. 'പുന്നപ്ര വയലാർ സമര പോരാളികളുടെ നിരയിലെ അവസാന കണ്ണിയാണ് വിഎസ്. പുന്നപ്ര വയലാർ സമരസേനാനികളിൽ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും ആയ മറ്റൊരാളില്ല. വിഎസ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ആയിരുന്നപ്പോഴാണ് വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തിന് പതിച്ചു കിട്ടിയത്. ടി.വി.തോമസിന് സ്മാരകം വേണമെന്ന് നേരത്തെ മുതൽ തന്നെ സിപിഐയും ആവശ്യപ്പെടുന്നതാണ്. എന്നാൽ അനുവദിച്ചിരുന്നില്ല. എന്നാൽ അടുത്ത വർഷം ടിവിയുടെ 50-ാം ചരമ വാർഷികം വരുന്നതിനാൽ  സിപിഐ വീണ്ടും ആവശ്യമുന്നയിച്ചത് അംഗീകരിക്കുകയായിരുന്നു'- അദ്ദേഹം വിശദീകരിച്ചു.

വലിയ ചുടുകാട്ടില്‍ വിഎസിനായി നിര്‍മിച്ച സ്മാരകം ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സിപിഎം പിബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം 21നാണ് വിഎസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത്. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ അന്ന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രകടനവും പൊതുസമ്മേളനവും സിപിഎം സംഘടിപ്പിച്ചിട്ടുണ്ട്.

വിഎസിന്‍റെ സ്മാരകം പൂര്‍ത്തിയാകുന്നതിന് സമീപം അതിന്‍റെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ടി.വി.തോമസിന്‍റെ സ്മാരകം ഉയരുന്നതെന്ന് വിവാദമുയര്‍ന്നിരുന്നു. ഇതോടെ ഇരുപാര്‍ട്ടികളുടെയും ജില്ലാ സെക്രട്ടറിമാര്‍ സ്ഥലം സന്ദര്‍ശിച്ച് ടിവിയുടെ സ്മാരകം മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. ഇതാദ്യമായാണ് വലിയ ചുടുകാട്ടില്‍ വ്യക്തികളുടെ പേരില്‍ സ്മാരകം ഉയരുന്നത്.

ENGLISH SUMMARY:

CPM Alappuzha District Secretary R. Nassar has clarified that the memorials for V.S. Achuthanandan and T.V. Thomas at the Valiya Chudukad martyr’s memorial site were built under exceptional circumstances. He emphasized that V.S. Achuthanandan was the last surviving link to the Punnapra-Vayalar struggle and held unique leadership roles, while the memorial for T.V. Thomas was approved in consideration of his upcoming 50th death anniversary after persistent requests from the CPI. This marks the first time that memorials for individuals are being established at the site. The controversy regarding the positioning of the structures was resolved after local leadership intervened to relocate T.V. Thomas’s memorial to ensure both sites were appropriately placed.