സര്‍ക്കാര്‍ നികുതി പ്രഖ്യാപിച്ചല്ലോ. മദ്യത്തിന് വിലകൂടില്ലേ. എന്ത് ചെയ്യും. വിലകൂട്ടിയാല്‍ ചോദിക്കാന്‍ ആരുമില്ലല്ലോ. ഒരു ശരാശരി മദ്യ ഉപഭോക്താവിന്‍റെ മനസിലൂടെ പായുന്ന ചിന്തകള്‍ ഇങ്ങനെയൊക്കെയാവാം. അഭിപ്രായവും തര്‍ക്കങ്ങളും ലാര്‍ജും, ഫുള്ളും, ലീറ്ററും കഴിഞ്ഞ് മുന്നേറുമ്പോള്‍ ദേ വരുന്നു ആശ്വാസം നല്‍കുന്ന വാര്‍ത്ത. ജവാനോ, ക്ലാസിക്കിനോ, കടുവയ്ക്കോ, ഗ്യാലക്സിക്കോ അതുമല്ലെങ്കില്‍ സീസറിനോ തല്‍ക്കാലം ഒരു രൂപ പോലും കൂടില്ല. വില നിശ്ചയിച്ചത് ഇനിയും പേരിട്ടിട്ടില്ലാത്ത, കുപ്പിയില്‍ നിറയാത്ത, കടകളിലേക്ക് എത്താത്ത വീര്യം കുറഞ്ഞ മദ്യത്തിനാണ്. അടിച്ചാലും കിക്കാവില്ലെന്ന് ഉറപ്പിക്കുന്ന വീര്യം തീരെയില്ലാത്ത മദ്യം.
കൂടിയെന്ന് പറഞ്ഞത് എന്തിനാണ്
മദ്യത്തിന് ഒരു രൂപ പോലും കൂടിയില്ലെന്ന് പറയുമ്പോഴും ഏതൊക്കെയോ ബ്രാന്‍ഡുകള്‍ക്ക് വില കൂടിയില്ലേ എന്ന് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ബവ്കോ ജീവനക്കാരോടും സംശയം. കൂടുതല്‍ പണം തരേണ്ടി വരില്ലേ എന്ന് ആവര്‍ത്തിച്ച് പറഞ്ഞ പതിവ് കസ്റ്റമറിനോട് ബവ്കോ ജീവനക്കാരന്‍റെ മറുപടി. ഈ കണക്കുകള്‍ പെട്ടെന്ന് മനസിലാകണമെന്നില്ല. പറയാം, വ്യക്തമായി അറിയിക്കാം. നിലവിലുള്ള ഒരു കുപ്പി മദ്യത്തിന് പോലും വില കൂട്ടിയിട്ടില്ല. പക്ഷേ വരാനുള്ള ചിലതിന് കാര്യമായി വില കൂടും. അത് ഇങ്ങനെയാണ്.
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പ്പന നികുതി നിരക്ക്
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിപണനം അനുവദിക്കുന്നതിനായി 2022–2023 ലെ അബ്കാരി നയത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഭേദഗതി പ്രകാരം 0.5 ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ ആള്‍ക്കഹോള്‍ വീര്യമുള്ള ബീയറും വൈനും ഒഴികെയുള്ള മദ്യ ഉല്‍പ്പന്നങ്ങളെ ലോ ആള്‍ക്കഹോളിക്ക് ബീവറേജ് എന്ന ഒരു പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മദ്യ ഉല്‍പ്പന്നങ്ങളുടെ നികുതിഘടനയില്‍ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വില്‍പ്പന നികുതി നിരക്ക്, കേരള പൊതുവില്‍പ്പന നികുതി നിയമപ്രകാരം നിശ്ചയിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 0.5 ശതമാനം മുതല്‍ പത്ത് ശതമാനം വരെ വീര്യമുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നൂറ്റി ഇരുപത് ശതമാനം വില്‍പ്പന നികുതി നിരക്കും പത്ത് ശതമാനത്തിന് മുകളില്‍ ഇരുപത് ശതമാനം വരെ വീര്യമുള്ളവയ്ക്ക് നൂറ്റി എഴുപത്തി അഞ്ച് ശതമാനം വില്‍പ്പന നികുതി നിരക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്.
അഴിമതി മണക്കുന്നുണ്ടെന്ന പ്രതിപക്ഷ ആക്ഷേപം
കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പഴവര്‍ഗങ്ങള്‍ക്ക് മികച്ച മൂല്യം ഉറപ്പിക്കാനൊരു വഴി. ഇതിന്‍റെ ഭാഗമായാണ് വീര്യം കുറഞ്ഞ മദ്യനിര്‍മാണത്തിനും വില്‍പ്പനയ്ക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിശ്ചയിച്ചതെന്ന് പ്രതിപക്ഷം. പരമാവധി ഇരുപത് ശതമാനത്തില്‍ താഴെ മാത്രമാണ് നികുതി നിശ്ചയിച്ചത്. കര്‍ഷകരില്‍ നിന്ന് മാത്രമെന്നത് കൃത്യമായ നിലപാട് കണക്കിലെടുത്തായിരുന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ നികുതി നിശ്ചയിച്ച് ഉറപ്പിച്ചതോടെ മുന്തിയ മദ്യക്കമ്പനികള്‍ക്കും വീര്യം കുറഞ്ഞ മദ്യം നിര്‍മിച്ച് വില്‍പ്പന നടത്താമെന്ന സ്ഥിതിയാണ്. ഈ ഇടപാടില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. അഴിമതിയാണോ, അഴിമതി മണക്കുകയാണോ എന്ന കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്നും പ്രതിപക്ഷം. ഈ ആക്ഷേപത്തില്‍ മുഖ്യമന്ത്രിയോ, എക്സൈസ് മന്ത്രിയോ നിലവില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.