പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെഎസ‌്ആര്‍ടിസിയെയും സപ്ലൈക്കോയെയും സ്വയംപര്യാപ്തമാക്കും. കെഎസ്‌ഇബിയെ വീണ്ടും ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളോ കരിമണൽ ഖനനമോ യാതൊരു കാരണവശാലും സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ജനങ്ങളുടെ മേൽ അധികമായി ഒരു നികുതിഭാരവും അടിച്ചേൽപ്പിക്കാതെ കൃത്യമായ സാമ്പത്തിക മാനേജ്മെന്‍റിലൂടെയും നികുതി ചോർച്ച തടഞ്ഞും ഖജനാവ് നിറയ്ക്കാനാണ് പുതിയ സാമ്പത്തിക നയം ലക്ഷ്യമിടുന്നത്.
കെഎസ്ആർടിസി, സപ്ലൈകോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഒരിക്കലും അടച്ചുപൂട്ടുകയില്ലെന്നും സപ്ലൈ ചെയിൻ മാനേജ്മെന്റ് വഴി അവയെ കാര്യക്ഷമമാക്കി സ്വയംപര്യാപ്തമാക്കുമെന്നും സർക്കാർ നിയമസഭയിൽ അറിയിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദായതിലൂടെ കെഎസ്ഇബിക്ക് കോടികളുടെ വൻ നഷ്ടമുണ്ടായെങ്കിലും ബോർഡിനെ ഉടൻ ലാഭത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച് അവരെ യുവത്വവുമായി സംയോജിപ്പിച്ച് സമൂഹത്തിന്റെ ഭാഗമാക്കുന്നതിനായി യൂറോപ്യൻ മാതൃകയിൽ കെയർ ഗിവർ പദ്ധതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണമുള്ളവർക്കും ഇല്ലാത്തവർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതിലൂടെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇന്ത്യയിൽ തന്നെ ആദ്യമായി രോഗികളെയും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെയും ചേർത്തുപിടിക്കുന്നതിനായി വൺ കേരള കരുതൽ മിഷൻ എന്ന പുതിയ പദ്ധതിയും സർക്കാർ നടപ്പിലാക്കും. ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി സ്വകാര്യ നിക്ഷേപം ആകർഷിക്കാനാണെന്നും ഇത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാനല്ലെന്നും വി.ഡി.സതീശന്‍ ആവർത്തിച്ചു വ്യക്തമാക്കി