അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിലേക്ക് നയിച്ചത് പൊലീസിന് ഓട്ടോ ഡ്രൈവര്‍ നല്‍കിയ നിര്‍ണായക വിവരം. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലെത്തിയത് ഓട്ടോയിലാണ്. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചശേഷം അര്‍ജുന്‍ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ എത്തിയതെന്നാണ് വിവരം.
അതേസമയം, അർജുനെ ഓടിച്ചിട്ട് പിടിച്ചെന്ന് കമ്മിഷണർ വിജയ് ഭാരത് റെഡ്‌ഡി പറഞ്ഞു. അറസ്റ്റ് ചെയ്തത് പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിന്‍റെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍റെ അറസ്റ്റ്. കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റില്‍ നിന്നാണ് പിടിയിലായത്. ഉടന്‍ തന്നെ എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം. ALSO READ: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍; പിടിയിലായത് കണ്ണൂരില്‍ നിന്ന് ...
അഭിഭാഷകയുടെ ഫ്ലാറ്റിലാണ് അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കണ്ണൂര്‍ പനങ്കാവില്‍ നിന്ന് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, അറസ്റ്റിലായശേഷം അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം പരിഹാസത്തോടെയായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കടലില്‍ കാണാതായവരെ കിട്ടിയോ എന്ന മറുചോദ്യമായിരുന്നു പ്രതികരണം. ALSO READ: മനുഷ്യനല്ലേ ആദ്യം, പാര്‍ട്ടിയൊക്കെ പിന്നീട്; പുതിയമനുഷ്യനാകാന്‍ എനിക്ക് അവകാശമില്ലേ: അര്‍ജുന്‍ ആയങ്കി ...
നേരത്തേ അർജുൻ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അർജുനുമായി അടുത്ത ബന്ധമുള്ള 21 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സഹോദരൻ അഖിലും പെൺസുഹൃത്തും ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്.
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കി അറസ്റ്റിലായിരിക്കുന്നത്. മാത്രമല്ല, സ്വർണം പൊട്ടിക്കൽ, മോഷണം തുടങ്ങിയ കേസുകൾക്കു പുറമെ മുഖ്യമന്ത്രിയെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനും ആലുവ സൈബർ പൊലീസ് അർജുനെതിരെ കേസെടുത്തിട്ടുണ്ട്.