സംസ്ഥാന ബജറ്റിലെ വിവാദ മദ്യനികുതി ഇളവ് സ്വകാര്യ മദ്യലോബികളെ സഹായിക്കാനാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റ് നിർദ്ദേശം യു.ഡി.എഫിൽ ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേവലം അടവാണെന്നും, ഇത് മുഖ്യമന്ത്രി വി.ഡി. സതീശൻ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ധനബിൽ സഭ പാസ്സാക്കിയാൽ യു.ഡി.എഫ് ചർച്ച പ്രഹസനമാകുമെന്നും തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ (Finance Bill) സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. നിയമത്തിന്റെ ഭാഗമാകുന്ന നികുതി നിർദ്ദേശം പിന്നീട് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് (Executive Order) മൂലം മാത്രം മരവിപ്പിക്കാൻ യു.ഡി.എഫിന് നിയമപരമായി കഴിയില്ല. അങ്ങനെയെങ്കിൽ ഫിനാൻസ് ബില്ലിൽ ഈ നിർദ്ദേശം ചേർത്ത ശേഷം യു.ഡി.എഫ് ചർച്ച നടത്തുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്?

സഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 10% വരെയാണെങ്കിൽ 120 ശതമാനമായും, 10 മുതൽ 20 വരെയാണെങ്കിൽ 175 ശതമാനമായും ഇളവ് ചെയ്യാനാണ് ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തെ 'ഹോർട്ടി വൈൻ' (Horti wine) കാറ്റഗറിയോട് ചേർത്താണ് ഈ നീക്കം. സംസ്ഥാനത്ത് ആദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐ.എം.എഫ്.എൽ വിഭാഗത്തിന് നികുതി ഇളവ് നൽകുന്നത്. മുൻപ് എൽ.ഡി.എഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ ശ്രമിച്ചിരുന്നു എന്ന യു.ഡി.എഫിന്റെ ദുരാരോപണം, അവരുടെ സ്വന്തം ഫിനാൻസ് ബില്ലിലെ ഈ ഇളവ് നിർദ്ദേശത്തോടെ സ്വയം പൊളിഞ്ഞിരിക്കുകയാണ്. ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറ്റ് ഭരണ വകുപ്പുകളെ നോക്കുകുത്തിയാക്കി സ്വന്തം താല്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

എക്സൈസ് നയത്തിലെ ഈ മാറ്റത്തെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന നിലപാടാണ് എക്സൈസ് മന്ത്രി പങ്കുവെച്ചത്. സാധാരണയായി അതത് വകുപ്പുകളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് ബജറ്റ് രൂപീകരിക്കുന്ന സുതാര്യമായ നടപടിക്രമം നിലനിൽക്കെ, മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ കൈകടത്തുകയായിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഇതിനെതിരെ രംഗത്തുവന്നത് ഇത് കൂട്ടായ തീരുമാനമല്ലായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച 'ടീം യു.ഡി.എഫ്' എന്ന സങ്കൽപ്പം ഇപ്പോൾ പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്

മദ്യക്കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന വൻകിട കുത്തകകളുമാണ് ഇപ്പോൾ ടീം യു.ഡി.എഫിലെ പുതിയ സഖ്യകക്ഷികൾ. മുന്നണിയോ മന്ത്രിസഭയോ പോലും അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിർണ്ണായക തീരുമാനങ്ങളെടുത്ത ഒട്ടനവധി സന്ദർഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും ഇതിനെതിരെ അതിശക്തമായ വിമർശനങ്ങളുമായി രംഗത്തുണ്ട്. മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ഈ തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Kerala's budget liquor tax exemption is a ploy to benefit private liquor lobbies, according to Opposition Leader Pinarayi Vijayan. He criticized Chief Minister V.D. Satheesan's statement about discussing the budget proposal with UDF only after implementation as a smokescreen and a means to create a diversion.