PTI Photo

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ശൗര്യചക്ര പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ മലയാളി സൈനികോദ്യോഗസ്ഥന്‍ മേജര്‍ തരുണ്‍ വാസുദേവനും ഉള്‍പ്പെടും. ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത ഓപ്പറേഷനാണ് മേജര്‍ തരുണ്‍ വാസുദേവന് രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചത്. 

 

മരണാനന്തരമുള്ള 13 പേരുള്‍പ്പെടെ 78 സൈനികര്‍ക്കാണ് ഇത്തവണ രാജ്യത്തിന്റെ ആദരം. ഒൻപത് പേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരവും 19 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു. മണിപ്പുരിലെ ഭീകരാക്രമണം നേരിട്ടതിന് ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിനും കത്വ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജമ്മു കശ്മീര്‍ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഗജേന്ദ്ര സിങിനും കീര്‍ത്തിചക്ര പുരസ്‌കാരം പ്രഖ്യാപിച്ചു. അഞ്ച് പേര്‍ക്ക് ബാര്‍ ടു സേനാ മെഡലും 36 പേര്‍ക്ക് സേനാമെഡലും മൂന്ന് പേര്‍ക്ക് നാവികസേനാ മെഡലും അഞ്ച് പേര്‍ക്ക് വായുസേനാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്.

 

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് കേരളത്തിന് മികച്ച നേട്ടം. എസ്.പി, എസ്.ശശിധരന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ സമ്മാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രത്യേക അന്വേഷണ സംഘത്തലവനാണ് ശശിധരന്‍. ഐ.ജി. രാജ്പാല്‍ മീണ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. എസ്.പിമാരായ ബിനു ആര്‍.പിള്ള, ഉജ്വല്‍കുമാര്‍ ജി, ഡിവൈഎപ്സിമാരായ വി.ആര്‍.രവികുമാര്‍, സുരേഷ് ബാബു, എസ് ഐ ജ്യോതിഷ് കുമാര്‍ എസ് എല്‍ എന്നിവരും സ്തുത്യര്‍ഹസേവന പുരസ്ക്കാരത്തിന് അര്‍ഹരായി. 

 

അഗ്നിശമന സേനയില്‍ നിന്ന് ജെ.രാജേന്ദ്രന്‍ നായര്‍, എന്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ക്കാണ് പുരസ്കാരം. ജയില്‍ ആന്‍ഡ് കറക്ഷനല്‍ സര്‍വീസ് വിഭാഗത്തില്‍ സുനില്‍ എസ് കുമാര്‍, എം.കെ മോഹന്‍ദാസ് എന്നിവര്‍ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയ അസി. ഡയറക്ടർ സജി ചെറുതറയിൽ, ബിഎസ്എഫ് ഇൻസ്പെക്ടർ കെ.പി.സുരേന്ദ്രൻ, സിഐഎസ്എഫ് ഡപ്യൂട്ടി കമൻഡാന്റ് അർച്ചന രേഷ്മ മിൻസ്, സിആർപിഎഫ് സെക്കൻഡ് ഇൻ കമാൻഡ് ടി.കെ.മുരളി കൃഷ്ണൻ, ടി.വർഗീസ്, ഇൻസ്പെക്ടർ എസ്.ജോണി, സീനിയർ ഇൻസ്ട്രക്റ്റർ കെ.രാജഗോപാൽ, സബ് ഇൻസ്പെക്ടർ പി.കെ.അനുരാധ തുടങ്ങിയവർക്കും മെഡൽ നേട്ടമുണ്ട്.  

ENGLISH SUMMARY:

Presidential military medals have been announced, with nine individuals receiving the Kirti Chakra and 19 receiving the Shaurya Chakra. This prestigious recognition honors acts of bravery and distinguished service across various branches of the Indian armed forces and police.