കലൂര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ലൈറ്റ് സ്ഥാപിച്ച കമ്പനിയെയും സ്പോണ്‍സര്‍ പറ്റിച്ചു. ലൈറ്റ് വച്ച കമ്പനിക്ക് മൂന്നുകോടി 68 ലക്ഷം രൂപ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നല്‍കാനുണ്ട്. പണത്തിനായി റിപ്പോര്‍ട്ടറിന്‍റെയും ജി.സി.ഡി.എയുടെയും പിന്നാലെ നടക്കേണ്ട ഗതികേടിലാണ് ലൈറ്റിങ് ടെക്നോളജീസ് ഇന്ത്യ എന്ന കമ്പനി. ജി.സി.ഡി.എയ്ക്ക് ലൈറ്റിങ് ടെക്നോളജീസ് നല്‍കിയ കത്തുകള്‍ മനോരമ ന്യൂസ് പുറത്തുവിടുന്നു. വാഗ്ദാന ലംഘനത്തിന് റിപ്പോര്‍ട്ടറിന് ലൈറ്റിങ് ടെക്നോളജീസ് വക്കീല്‍ നോട്ടീസ് അയച്ചു.
മെസിയുടെ പേരില്‍ നടന്ന തട്ടിപ്പുകള്‍ക്ക് ഒരന്തവുമില്ല. കലൂര്‍ സ്റ്റേഡിയത്തില്‍ ലൈറ്റ് വച്ച കമ്പനി ഇപ്പോള്‍ പണം കിട്ടാന്‍ റിപ്പോര്‍ട്ടറിന്‍റെയും ജി.സി.ഡി.എയുടെയും ഓഫീസ് കയറിയിറങ്ങുന്ന സ്ഥിതിയാണ്. ലൈറ്റ് വച്ച വകയില്‍ മൂന്നുകോടി 68 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട് എന്നാണ് ജൂണ്‍ 16ന് ലൈറ്റിങ് ടെക്നോളജീസ് ജി.സി.ഡി.എയ്ക്ക് അയച്ച കത്തിലുള്ളത്. ഇടപാട് നടന്നിരിക്കുന്നത് ലൈറ്റിങ് ടെക്നോളജീസും റിപ്പോര്‍ട്ടറും തമ്മിലാണ്. ഇടപാടില്‍ ഭാഗമല്ലെന്നാണ് ജി.സി.ഡി.എ നിലപാട്. എങ്കിലും ജി.സി.ഡി.എയുടെ സ്റ്റേഡിയത്തിലാണ് ലൈറ്റ് വച്ചത് എന്നതിനാല്‍ പണം വാങ്ങിത്തരുന്നതിന് സഹായിക്കണം എന്നാണ് കമ്പനിയുടെ അഭ്യര്‍ഥന.
Also Read: അര്‍ജന്റീന സന്ദര്‍ശന തട്ടിപ്പ് അന്വേഷിക്കാന്‍ ഇ.ഡി; പൊലീസ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു
സ്പോണ്‍സറോട് പലതവണ ചോദിച്ചിട്ടും പണം തരുന്നതില്‍ അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ലെന്നും കത്തില്‍ വ്യക്തമായി പറയുന്നു. ജി.സി.ഡി.എയ്ക്ക് കമ്പനി കത്തയച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഇതോടെ കഴിഞ്ഞമാസം 21 വീണ്ടും കത്തയച്ചു. എന്നിട്ടും റിപ്പോര്‍ട്ടറിന് കുലുക്കമില്ല. 2000 വാട്സിന്‍റെ 292 സ്പോര്‍ട്സ് ലൈറ്റുകളാണ് സ്റ്റേഡിയത്തില്‍ വച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലൈറ്റ് വിതരണം ചെയ്തു. എന്നാല്‍ അര്‍ജന്‍റീന വരില്ലെന്ന് ഉറപ്പിച്ചതോടെ ലൈറ്റ് വെക്കുന്നത് വൈകി. ഒടുവില്‍ ഐ.എസ്.എല്‍ നടക്കേണ്ടതിനാല്‍ ഫെബ്രുവരിയില്‍ ലൈറ്റ് സ്ഥാപിച്ചു. ബാക്കി പണം നല്‍കുന്നതിന് ഏപ്രില്‍ വരെ ആന്‍റോ അഗസ്റ്റിന്‍ സമയം ചോദിച്ചിരുന്നു. നാലുമാസം പിന്നിട്ടിട്ടും ഒരു രൂപ പോലും കിട്ടാതെ വന്നതോടെയാണ് ലൈറ്റിങ് ടെക്നോളജീസ് തുടര്‍ നടപടികളിലേക്ക് കടന്നത്. രണ്ടുതവണ കമ്പനി റിപ്പോര്‍ട്ടറിന് വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു.