യുഎസില്‍ മലയാളികളായ വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ്– ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്. മൂവാറ്റുപുഴയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ യുഎസിലേക്ക് കുടിയേറിയതാണ് കുടുംബം. 

തലവടി ചുടുക്കാട്ടില്‍ സാം ഉമ്മന്‍–ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്നി സാം. ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയിലാണ് അപകടമുണ്ടായത്. രണ്ടുകുടുംബങ്ങളും വര്‍ഷങ്ങളായി യുഎസിലാണ് താമസം. ഡല്‍റ്റ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നായിരുന്നു. തുടര്‍ന്നുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. 

തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം. രണ്ടുവര്‍ഷം മുന്‍പാണ് സാം നാട്ടില്‍ വന്നുമടങ്ങിയത്. മകന്റെ വിവാഹം 6 വര്‍ഷം മുന്‍പ് നാട്ടില്‍ നടത്തിയിരുന്നു. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഈ ചടങ്ങ് മാറ്റിവച്ചതോടെയാണ് അപകടത്തെക്കുറിച്ച് നാട്ടില്‍ വിവരം ലഭിച്ചത്. അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു. 

NRI Couple's Helicopter Crashes in US, Groom and Pilot Dead:

Kerala couple helicopter crash incidents are tragic events impacting the diaspora. This particular accident involved a newlywed couple in the US, resulting in the groom's and pilot's deaths and the bride's severe injuries.