വേൾഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഡോ.സ്നേഹ ആന്‍ ഫിലിപ്പും ഭര്‍ത്താവ് റോണ്‍ ലീബര്‍മാനും
ആ വിമാനങ്ങൾ പറന്നുവന്ന് ഇടിക്കുന്ന കാഴ്ച ഒരിക്കലും മായില്ല. കണ്ണ് മറച്ചാലും പിന്നീട് തലയ്ക്കുള്ളിലെവിടെയോ ആരോ 'ലൂപ്പിൽ' ഇട്ടതുപോലെ. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ സ്മാരകം കണ്ട് നടക്കുമ്പോഴും പണ്ട് ടിവിയിൽ കണ്ട കാഴ്ച പിന്നെയും പിന്നെയും തെളിയുകയാണ്. കൺമുന്നിലുള്ളത് വെങ്കലപാളികളിൽ കൊത്തിവച്ച പേരുകൾ – ഒരു പേര് കൺമുന്നിൽ – സ്നേഹ ആൻ ഫിലിപ്പ്.
മലയാളിപ്പേര്, മലയാളി തന്നെയാവണം. പക്ഷേ, അങ്ങനെയൊരു മലയാളി ആക്രമണത്തിൽ മരിച്ചതായി അന്ന് വാർത്തകളിൽ കണ്ടിട്ടില്ല. ഓർമകളിൽ സൂക്ഷിക്കാനായി ഒരു ഫോട്ടോ എടുത്തു, മടങ്ങി. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായിരുന്നു ആ പേര് എന്നറിയാതെ.
സെപ്റ്റംബർ 11, 2001
അമേരിക്കയിൽ അടിയന്തരസഹായം കിട്ടാൻ വിളിക്കേണ്ടത് 911 എന്ന നമ്പറിലാണ്. 2001 ഒൻപതാം മാസം പതിനൊന്നാം ദിവസം പുലരുമ്പോൾ അത് ഇത്രമാത്രം ഞെട്ടിക്കുന്നതാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഒരു പതിവുദിനം പോലെ തുടങ്ങിയതാണ്.
ലോകമാകെ ഇരുണ്ടുപോയ നിമിഷങ്ങൾ... എങ്ങും നിലവിളികൾ.. അടുത്തത് എന്താണ് സംഭവിക്കുക എന്നുപോലും അറിയില്ല. എവിടെയാവും ആക്രമണം, എന്തൊക്കെ തകരും, ഉറ്റവർ എവിടെ...?
തകർന്നുവീണ വേൾഡ് ട്രേഡ് സെന്ററിന് ഏറെ അകലെയല്ലാതെ താമസിക്കുന്ന ഡോ. സ്നേഹ ആൻ ഫിലിപ്പിനെയും സഹോദരനെയും ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ സഹോദരന്റെ അപ്പാർട്ട്മെന്റിനു കേടുപറ്റിയിരുന്നു. സ്നേഹ തന്റെ വീട്ടിൽ എത്തിയിട്ടില്ലെന്ന് സഹോദരൻ പറഞ്ഞു. തലേന്നു രാത്രി ഭർത്താവ് ലീബർമാൻ വീട്ടിലെത്തിയപ്പോഴും സ്നേഹയെ കണ്ടിരുന്നില്ല. അന്നു രാത്രി 7.19ന് വേൾഡ് ട്രേഡ് സെന്ററിനു മുന്നിലെ സെഞ്ചുറി 21 ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽനിന്ന് സ്നേഹ ഷൂസും വസ്ത്രങ്ങളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയതിനും തെളിവുണ്ട്.
ഡോ.സ്നേഹ ആന്‍ ഫിലിപ്പിന്റെ പേരുള്ള ഫലകം
വേൾഡ് ട്രേഡ് സെന്ററിലെ പൊടിപടലങ്ങൾ അടങ്ങി. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നു. സ്നേഹ എവിടെപ്പോയെന്നതിനു മാത്രം ഉത്തരമായില്ല. കാത്തിരിപ്പ് വർഷങ്ങൾ തുടർന്നു.
തിരുവല്ലക്കാരനായ ഡോ. കൊച്ചിയിൽ ഫിലിപ്പിന്റെയും അൻസുവിന്റെയും മകളാണ് സ്നേഹ. ന്യൂയോർക്കിലെ അൽബനിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഡോക്ടറുടെ അതേ പാത മകളും പിന്തുടർന്നു. സ്റ്റേറ്റൻ ഐലൻഡിലെ സെന്റ് വിൻസന്റ് ആശുപത്രിയിലായിരുന്നു ജോലി. രണ്ടുവർഷം മുൻപ് ബ്രോങ്ക്‌സിലെ ജക്കോബി മെഡിക്കൽ സെന്ററിലെ ഡോക്ടറായ റോൺ ലീബർമാനെ വിവാഹം കഴിച്ചു. മാൻഹട്ടനിലെ അപ്പാർട്ട്മെന്റിലായിരുന്നു ജീവിതം.
സ്നേഹയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് ആദ്യം ബന്ധുക്കൾ സംശയിച്ചത്. വേൾഡ് ട്രേഡ് സെന്റർ തകർന്ന സ്ഥലത്ത് സഹായിക്കാനെത്തിയപ്പോൾ കൊല്ലപ്പെട്ടതാവാമെന്നു പിന്നീട് കരുതി. എന്നാൽ, വർഷങ്ങൾ കഴിയുമ്പോഴും ഒന്നിനും ഉറപ്പില്ലാത്തത് അവരുടെ ആധി ഇരട്ടിപ്പിച്ചു. സ്നേഹയുടെ ഭൗതികാവശിഷ്ടങ്ങളോ സെപ്റ്റംബർ 10 രാത്രിയിലെ യാത്രാവിവരങ്ങളോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ആക്രമണത്തിൽ കാണാതായവരുടെ ഔദ്യോഗിക ലിസ്റ്റിൽ ആദ്യം സ്നേഹയുടെ പേരുണ്ടായിരുന്നു. എന്നാൽ, പിന്നീട് തെളിവില്ലെന്ന കാരണത്താൽ സ്നേഹയുടെ മരണം സ്ഥിരീകരിക്കപ്പെടാതെ പോയി. സ്നേഹയ്ക്ക് എന്തു സംഭവിച്ചു? നിയമവഴി തേടാൻതന്നെ കുടുംബം തീരുമാനിച്ചു. തെളിവില്ലെന്ന കാരണത്താൽ ന്യൂയോർക്ക് കോടതി തുടക്കത്തിൽ സ്നേഹയുടേത് സെപ്റ്റംബർ 11ലെ മരണമായി അംഗീകരിച്ചില്ല. ഒടുവിൽ ആശ്രയമായത് സുപ്രീംകോടതിയാണ്.
"ലഭ്യമായ തെളിവുകളനുസരിച്ച് സ്നേഹ സംഭവദിവസം രാവിലെ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റൊരു സാധ്യതയും കാണുന്നില്ല," മുൻ കോടതി വിധികൾ അസാധുവാക്കിക്കൊണ്ട് മാൻഹട്ടൻ സുപ്രീംകോടതി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ പട്ടികയിൽ സ്നേഹയുടെ പേരും ഉൾപ്പെടുത്താൻ കോടതി ഉത്തരവിട്ടു. അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിൽ നാലുപേരാണ് അനുകൂല വിധിയെഴുതിയത്. സമീപത്തു താമസിച്ചിരുന്ന സ്നേഹ ഡോക്ടറായതിനാൽ സ്വാഭാവികമായും ആക്രമണത്തിൽ പരുക്കേറ്റവരെ സഹായിക്കാൻ പോയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് കോടതിയും എത്തിയത്.
അപ്രത്യക്ഷയായി ഏഴു വർഷങ്ങൾക്കു ശേഷം വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ കൊല്ലപ്പെട്ട 2,751-ാമത്തെ ആളായി സ്നേഹ പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് സെപ്റ്റംബർ 11 മെമ്മോറിയലിലെ സൗത്ത് പൂളിൽ (പാനൽ S-66) മറ്റ് ഇരകൾക്കൊപ്പം ഡോ. സ്നേഹ ആൻ ഫിലിപ്പിന്റെ പേരും കൊത്തിവയ്ക്കപ്പെട്ടു.
ന്യൂയോർക്കിലെ നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയൽ, നഷ്ടത്തിന്റെ ആഴവും അതിജീവനത്തിന്റെ കരുത്തും ഒരുപോലെ പ്രതിഫലിപ്പിക്കുന്ന ആധുനിക വാസ്തുവിദ്യയുടെ വിസ്മയമാണ്. വാസ്തുശില്പിയായ മൈക്കൽ അരാഡും ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റായ പീറ്റർ വാക്കറും ചേർന്ന് "റിഫ്ലെക്റ്റിങ് ആബ്സെൻസ്" (Reflecting Absence) എന്ന ആശയത്തിലാണ് ഈ സ്മാരകം രൂപകൽപ്പന ചെയ്തത്.
തകർന്നുവീണ വടക്കേ ടവറിന്റെയും തെക്കേ ടവറിന്റെയും യഥാർത്ഥ അടിത്തറയിലാണ് ഈ രണ്ട് കൂറ്റൻ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ കുളത്തിനും ഒരേക്കറോളം വിസ്തൃതിയുണ്ട്. ഒരിക്കലും നികത്താനാവാത്ത വിടവിനെ സൂചിപ്പിക്കാൻ അടിത്തറകൾ അതേപടി ശൂന്യമായി നിലനിർത്തിയിരിക്കുന്നു.
കറുത്ത ഗ്രാനൈറ്റ് ഭിത്തികളിലൂടെ 30 അടി താഴ്ചയിലേക്ക് തുടർച്ചയായി വെള്ളം ഒഴുകിയിറങ്ങുന്നു. ആ വെള്ളം വീണ്ടും നടുവിലുള്ള മറ്റൊരു ചെറിയ ചതുരക്കുഴിയിലേക്ക് വീഴുന്നു. നിലവിളികളില്ല, ബഹളങ്ങളില്ല – എല്ലാം ഒഴിഞ്ഞുപോയ ശാന്തമായ അന്തരീക്ഷം. കുളങ്ങൾക്കു ചുറ്റുമുള്ള വെങ്കലപാളികളിൽ ഇരകളുടെ പേരുകൾ വെറുതെ അക്ഷരമാലാക്രമത്തിലല്ല കൊത്തിവച്ചിരിക്കുന്നത്. ഒരുമിച്ചു ജോലി ചെയ്തിരുന്നവർ, ഒരു വിമാനത്തിലുണ്ടായിരുന്നവർ, രക്ഷാപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ പേരുകൾ പരസ്പരം ചേർത്തുവച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.
അതിലൊരാളായി സ്നേഹ ആൻ ഫിലിപ്പും.