യു.എസിന്റെ നയങ്ങളും ലോകക്രമവും 2001 സെപ്റ്റംബറിന് മുന്‍പും ശേഷവുമെന്ന് നിര്‍ണയിക്കപ്പെടാന്‍ സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം കാരണമായി. ‘വാര്‍ ഓണ്‍ ടെറര്‍’ പ്രഖ്യാപനത്തിലൂടെ അഫ്ഗാന്‍, ഇറാഖ് തുടങ്ങി ഏഴിലധികം രാജ്യങ്ങളില്‍ യു.എസ് സൈന്യമിറങ്ങി. വിദേശനയത്തിലും വിമാനത്താവള സുരക്ഷാനയത്തിലും യു.എസും ലോകവും പൊളിച്ചെഴുത്ത് നടത്തി.

'ഒന്നുകില്‍ നിങ്ങള്‍ യുഎസിനൊപ്പം അല്ലെങ്കില്‍ ഭീകരര്‍ക്കൊപ്പം'. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ ലോക ക്രമം നിര്‍ണയിക്കുന്നതിന് അന്നത്തെ പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷിന്റെ ഈ വാക്കുകള്‍ കാരണമായി. അഫ്ഗാനില്‍ രണ്ട് ദശകങ്ങള്‍ നീണ്ട യുദ്ധം, ഇറാഖ്, യെമന്‍, സിറിയ, സൊമാലിയ, ലിബിയ എന്നിവിടങ്ങളില്‍ ശക്തമായ ആക്രമണങ്ങള്‍. പാക്കിസ്ഥാനില്‍ ലാദന്‍ വേട്ട. അങ്ങനെ വിവിധരാജ്യങ്ങളില്‍ യുഎസ് സൈന്യത്തിന്റെ ഭീകരവേട്ട. മധ്യപൂർവദേശത്തെ രാഷ്ട്രീയവും ഭരണവും സമാധാനവും മാറിമറിഞ്ഞു. 

ദശലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിനുപേര്‍ അഭയാര്‍ഥികളായി. ആ യുദ്ധങ്ങള്‍ക്കായി യുഎസ് ചെലവഴിച്ചത് 10 ട്രില്യണ്‍ ഡോളറോളം തുക. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലധികം വിമാനത്താവളങ്ങളിലേയും വിമാനങ്ങളിലേയും സുരക്ഷകൂടുതല്‍ ശക്തമാക്കി. യുഎസില്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും, ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനും രൂപീകരിച്ചു. ലോകമെമ്പാടും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ, മുസ്ലീങ്ങൾക്കും ഏഷ്യക്കാർക്കും നേരെ സങ്കുചിതമായ കാഴ്ചപ്പാടുകളും വിവേചനങ്ങളും വർധിച്ചു. 

2021-ൽ, 20 വർഷത്തെ യുദ്ധത്തിന് ശേഷം യുഎസ് അഫ്ഗാനില്‍ നിന്ന് പൂർണമായി പിന്മാറി, താലിബാൻ വീണ്ടും കാബൂൾ പിടിച്ചെടുത്തു. അങ്ങനെ മാറ്റങ്ങളിലേക്ക് മാറാന്‍ യുഎസിനേയും അതുവഴി ലോകത്തേയും പ്രേരിപ്പിച്ച ഭീകരാക്രമണത്തിന്റെ 25 വര്‍ഷങ്ങളിലെത്തി നില്‍ക്കുമ്പോഴും ഭീകരത ഇന്നും ലോകത്തിന് ഭീഷണിയായി തുടരുന്നു. എങ്കിലും ആ ദുരന്തദിനം നൽകിയ പാഠങ്ങൾ ആഗോള സുരക്ഷയെയും നയതന്ത്രത്തെയും ഇന്നും സ്വാധീനിക്കുന്നു.

ENGLISH SUMMARY:

The 9/11 attacks fundamentally reshaped US policy and the global order, initiating the 'War on Terror' and leading to significant military interventions and shifts in foreign policy worldwide. Twenty-five years after the tragic event, terrorism remains a global threat, yet the lessons learned continue to influence international security and diplomacy.