ഒരു പല്ലെടുക്കാൻ രണ്ട് ലക്ഷം രൂപ! അതെ, കേട്ടത് ശരിയാണ്. ഇതേ അമ്പരപ്പാണ് അമേരിക്കയിൽ നിന്നുള്ള നിതിൻ മൽഹോത്രയുടെ ഇൻസ്റ്റാഗ്രാം റീൽ കണ്ടപ്പോൾ സോഷ്യൽ മീഡിയയിലും ഉണ്ടായത്. അമേരിക്കയിലെ ഉയർന്ന ചികിത്സാച്ചെലവിനെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് വീഡിയോ. ദന്തചികിത്സയ്ക്കായി അമേരിക്കയിൽ വൻതുകയാണ് ചെലവഴിക്കേണ്ടിവരുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.
പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ നിതിൻ മൽഹോത്രയോട് ഒരു പല്ല് എടുത്തുമാറ്റുന്നതിനും തുടർചികിത്സയ്ക്കുമായി ആവശ്യപ്പെട്ടത് 8000 ഡോളറായിരുന്നു. ഏകദേശം ഏഴ് ലക്ഷം രൂപ. ഇൻഷുറൻസ് പരിരക്ഷ കിഴിച്ചതിന് ശേഷവും 2500 ഡോളർ (ഏകദേശം 2.37 ലക്ഷം രൂപ) ക്ലിനിക്ക് നിതിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ 15,000 മുതൽ 20,000 രൂപ വരെ മാത്രം ചെലവ് വരുന്ന ചികിത്സയ്ക്ക് ഇത്രയും ഉയർന്ന തുക നൽകേണ്ടിവരുന്നത് ഞെട്ടിക്കുന്നതാണെന്ന് മൽഹോത്ര പറയുന്നു. ഇതിനുപുറമെ, എക്സ്റേ എടുക്കുന്നതിന് മാത്രം ഏകദേശം 17,000 രൂപയും വേറെയും നൽകേണ്ടിവന്നു. ഇതോടെ, ഈ തുകയുണ്ടെങ്കിൽ നാട്ടിൽ പോയി പല്ലെടുത്ത് ആവശ്യമായ എല്ലാ ചികിത്സകളും പൂർത്തിയാക്കി തിരികെ വരാമല്ലോ എന്നാണ് അദ്ദേഹം വീഡിയോയിലൂടെ ചോദിക്കുന്നത്.
അമേരിക്കയിൽ ജീവിക്കുന്ന പ്രവാസികൾ നേരിടുന്ന ഇത്തരം അടിയന്തര ചികിത്സാച്ചെലവുകളുടെയും അധിക ചെലവുകളുടെയും യാഥാർഥ്യം തുറന്നുകാട്ടുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യരംഗത്തെ ചികിത്സാച്ചെലവുകളിലെ വലിയ വ്യത്യാസത്തെക്കുറിച്ച് അനുകൂലിച്ചും സ്വന്തം അനുഭവങ്ങൾ പങ്കുവച്ചും നിരവധി പ്രവാസികളാണ് പ്രതികരണവുമായി എത്തുന്നത്.