വിവാഹത്തിനായി ആളുകൾ പങ്കാളികളെ കണ്ടെത്തുമ്പോൾ ജോലി, ശമ്പളം, പ്രായം, നിറം തുടങ്ങി പല നിബന്ധനകളും മുന്നോട്ടുവെയ്ക്കാറുണ്ട്. എന്നാൽ, വളരെ വിചിത്രമായ ഒരു നിബന്ധനയെക്കുറിച്ച് ഒരു മാട്രിമണി ആപ്പ് സിഇഒ പങ്കുവെച്ച എക്സ് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
മാട്രിമോണിയൽ, ഡേറ്റിങ് പ്ലാറ്റ്ഫോമായ നോട്ട് ഡേറ്റിംഗ് (Knot Dating) സഹസ്ഥാപകനും സിഇഒയുമായ ജസ്വീര് സിംഗ് ആണ് എക്‌സിലൂടെ തങ്ങളുടെ ഉപയോക്താവിന്റെ ഈ ആവശ്യം വെളിപ്പെടുത്തിയത്. 'ഒരു മാട്രിമോണിയൽ പ്ലാറ്റ്‌ഫോം നടത്തികൊണ്ടുപോകുമ്പോൾ പല ആവശ്യങ്ങളും വരാറുണ്ട്. ഉയരം, ശമ്പളം, വിദ്യാഭ്യാസം, ജോലി ഇതെല്ലം വളരെ സ്വാഭാവികമാണ്. പക്ഷെ, ഇന്ന് ഞാൻ പുതിയതൊന്ന് കേട്ടു. ഇതിനോടകം ചില പ്രൊഫൈൽ മാച്ച് വന്നിട്ടുള്ള ഞങ്ങളുടെ ഒരു പ്രീമിയം മെമ്പറോട് പതിവ് പോലെ ഫീഡ് ബാക് ചോദിക്കാൻ ബന്ധപ്പെട്ടു. ടാറ്റൂ ചെയ്തിട്ടുള്ള പെൺകുട്ടിയെ തനിക്ക് വേണ്ട എന്നായിരുന്നു മറുപടി. തന്റെ തീരുമാനത്തിൽ അദ്ദേഹത്തിന് വളരെ വ്യക്തതയും ഉറപ്പുമുണ്ടായിരുന്നു'-ജസ്വീര് സിങ് എക്സില്‍ കുറിച്ചു.
സാധാരണയായി ആളുകൾ വച്ചുപുലർത്താറുള്ള ആവശ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഈ നിബന്ധന കേട്ട് അമ്പരന്ന സിഇഒ ഇത്തരമൊരു ഫിൽട്ടർ എങ്ങനെയാണ് ഉൾപ്പെടുത്തുക എന്നാണ് ചോദിക്കുന്നത്. 'ടാറ്റൂ ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ചുകൊണ്ട് മാട്രിമോണി ആപ്പിൽ ഒരു ഫിൽട്ടർ കൊടുക്കാൻ സാധിക്കില്ല. എന്നാൽ ആളുകൾക്ക് അവരുടെ താൽപര്യങ്ങൾ അനന്തമായി തുടരും'- ട്വീറ്റില്‍ പറയുന്നു.
എന്തായാലും പോസ്റ്റ് വൈറലായതോടെ ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ടാറ്റൂ ഒരു വ്യക്തിസ്വാതന്ത്ര്യമാണെന്നും എന്നാൽ വിവാഹത്തെ സൂപ്പർമാർക്കറ്റ് ഷോപ്പിങ് പോലെ ആക്കരുതെന്നും ആളുകൾ കുറിക്കുന്നു. അതേസമയം, തന്‍റെ താല്‍പര്യം ഒരാള്‍ വെളിപ്പെടുത്തിയതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരും കുറവല്ല.