ലോകക്രമത്തെപ്പോലും മാറ്റിമറിച്ച യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇന്നേക്ക് 25ആണ്ട്. 2001 സെപ്റ്റംബര്‍ 11ന് യുഎസിന്റെ നെഞ്ചിലേറ്റ മുറിവില്‍ പിടഞ്ഞുവീണത് 2,977 ജീവനുകളായിരുന്നു. അതിനുശേഷമുണ്ടായ പരുക്കുകളും മോശം ആരോഗ്യാവസ്ഥയും കാരണം അതിലേറെപ്പേര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. ഉസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽ ഖായിദയിലെ 19ഭീകരരാണ് നാല് യാത്രാ വിമാനങ്ങള്‍ റാഞ്ചി ഭീകരാക്രമണം നടത്തിയത്. യുഎസ് സുരക്ഷിതമാണെന്ന വിശ്വാസത്തെയാണ് നിനച്ചിരിക്കാത്തൊരു നേരത്ത് ഭീകരര്‍ തകര്‍ത്തത്.
2001 സെപ്റ്റംബര്‍ 11
യുഎസിന്റെ വാണിജ്യതലസ്ഥാനമായ ന്യൂയോര്‍ക് നഗരത്തിന്റെ മുഖമുദ്രയായ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങളിലേക്ക്.. യുഎസ് സൈന്യത്തിന്റേയും രഹസ്യാന്വേഷണസംഘടനയുടേയും ആസ്ഥാനമായ പെന്റഗണിലേക്ക്...റാഞ്ചിയെടുത്ത മൂന്ന് യുഎസ് വാണിജ്യവിമാനങ്ങള്‍ ഇടിച്ചിറക്കിയപ്പോള്‍ തകര്‍ന്നത് കെട്ടിടങ്ങളും ജീവനുകളും മാത്രമായിരുന്നില്ല. സുരക്ഷിതത്വത്തിന്റെ അവസാനവാക്കെന്ന് ലോകം വാഴ്ത്തിയ യുഎസിന്റെ കരുത്തുറ്റ പ്രതീക്ഷകള്‍കൂടിയായിരുന്നു. കൊല്ലപ്പെട്ടത് 77രാജ്യക്കാരായ 2,977പേര്. പരുക്കേറ്റത് ആറായിരത്തിലധികംപേര്‍. രാവിലെ 8.46ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറിന്റെ 93 മുതല്‍ 99വരെയുള്ള നിലകളിലേക്ക് യുഎസ് എയര്‍ലൈന്‍സിന്റെ ബോയിങ് യാത്രാ വിമാനം ഇടിച്ചുകയറ്റി. അപകടമെന്ന ധാരണയിലിരിക്കെ 9.3ന് സൗത്ത് ടവറിന്റെ 77മുതല്‍85വരെയുള്ള നിലകളിലേക്ക് യുണൈറ്റഡ് എയര്‍ലൈന്‍സ് ബോയിങ് വിമാനം ഇടിച്ചുകയറ്റി രണ്ടാം ആക്രമണം. യുഎസ് ആക്രമിക്കപ്പെടുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷം. അരമണിക്കൂറിനകം 9.37 ന് യുഎസ് പ്രതിരോധകേന്ദ്രമായ പെന്റഗണില്‍ വന്‍ സ്ഫോടനത്തോടെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് യാത്രാവിമാനം ഇടിച്ചുകയറ്റി മൂന്നാം ആക്രമണം. ഭീകരര്‍ റാഞ്ചിയ നാലാം വിമാനത്തില്‍ യാത്രക്കാര്‍ ചെറുത്തുനില്പ് നടത്തിയതോടെ 10.3 ന് പെന്‍സില്‍വേനിയയിലെ ഷാങ്സ്വില്ലിലെ ഒഴിഞ്ഞ പാടത്ത് തകര്‍ന്നുവീണു. അതിനിടെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ട് ടവറുകളും നിലംപൊത്തി.
ഭീകരാക്രമണം നടക്കുമ്പോള്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഫ്ലോറിഡയിലെ ഒരു പ്രൈമറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു. ആദ്യത്തെ ആക്രമണവിവരം ബുഷിനെ അറിയിച്ചെങ്കിലും അതൊരു അപകടമെന്നായിരുന്നു ധാരണ. പക്ഷേ, രണ്ടാം ആക്രമണവിവരം ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രൂ കാര്‍ഡ് ക്ലാസ് മുറിയിലെത്തി സ്വകാര്യമായി ബുഷിനെ അറിയിച്ചു. രാജ്യം ആക്രമണത്തിനിരയായിരിക്കുന്നു. സംയമനത്തോടെ ഏഴ് മിനിറ്റുകൂടി കുട്ടികള്‍ക്കൊപ്പമിരുന്ന ബുഷ് കുട്ടികളോട് സംസാരിച്ചശേഷമാണ് വേദിവിട്ടത്. നമ്മുടെ രാജ്യം ഭീകരരാര് ആക്രമിക്കപ്പെട്ടിരിക്കുന്നു. ആക്രമണത്തെക്കുറിച്ച് ബുഷിന്റെ ആദ്യ പ്രതികരണം.
ആക്രമണത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ജോര്‍ജ് ബുഷ് ഉത്തരവിട്ടു. ഒരുവശത്ത് ആക്രമണത്തില്‍ പരുക്കേറ്റവരടക്കമുള്ളവര്ക്കായുള്ള ഇടപെടലുകളും രാജ്യത്തിന്റെ സുരക്ഷാ അവലോകനങ്ങളും. മറുവശത്ത് ഭീകരതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്. ആ യുദ്ധം യുഎസില്‍ ഒതുങ്ങില്ലെന്നും തേടിപ്പിടിച്ച് വേട്ടയാടുമെന്നുമായിരുന്നു മുന്നറിയിപ്പ്. അതിന്റെ പ്രതിഫലനം കണ്ടത് അഫ്ഗാനില്‍ മാത്രമായിരുന്നില്ല.
അഫ്ഗാന് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഉസാമ ബിന്‍ലാദന്റെ അല്‍ ഖായിദ ഭീകരസംഘടനയാണ് ആക്രമണത്തിന്റെ ആസൂത്രകരെന്ന് യുഎസ് പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ നിന്നുള്ള 15പേര്, രണ്ട് യുഎഇ സ്വദേശികള്‍, ഈജ്പ്ത്, ലബനന് സ്വദേശികളായ ഓരോരുത്തരുമായിരുന്നു വിമാനങ്ങള്‍ റാഞ്ചിയ 19അംഗസംഘത്തിലുണ്ടായിരുന്നത്. ലാദനെ യുഎസിന് കൈമാറണമെന്നും അല്‍ ഖായിദയുടെ അഫ്ഗാനിലെ ക്യാംപുകള്‍ അടച്ചുപൂട്ടണമെന്നും താലിബാനോട് ബുഷ് ആവശ്യപ്പെട്ടു. എന്നാല്‍ താലിബാന് ഈ ആവശ്യം നിരസിച്ചു. ഭീകരാക്രമണം നടന്ന് ഒരു മാസം പിന്നിട്ട് ഒക്ടോബര്‍ ഏഴിന് ഉസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽ ഖായിദയുടെ വേരറുക്കാന്‍ യുഎസ് സൈന്യം അഫ്ഗാന് മണ്ണിലിറങ്ങി. താലിബാനെ പുറത്താക്കി പുതിയ ഇടക്കാല ഭരണകൂടം സ്ഥാപിക്കപ്പെട്ടു. യുഎസ് സൈന്യം അഫ്ഗാനില്‍ ആക്രമണം തുടര്‍ന്നു. ലാദനെ വേട്ടയാടിപ്പിടിക്കുക, താലിബാനെ തകര്‍ക്കുക ഇവയായിരുന്നു ലക്ഷ്യം. ലാദനെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ യുഎസിന് വേണ്ടിവന്നത് 10 വര്‍ഷമായിരുന്നു.
03 May 2011
അൽ ഖായിദ തലവനും പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ നോട്ടപ്പുള്ളിയുമായ 54കാരന് ഉസാമ ബിൻ ലാദൻ യുഎസ് സൈന്യത്തിന്റെ കമാൻഡോ ഓപ്പറേഷനിൽ കൊല്ലപ്പെടുന്നു. പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 60 കിലോമീറ്റർ അകലെ അബട്ടാബാദിൽ ഇന്ത്യൻ സമയം രാത്രി 1.30ന് ആയിരുന്നു ആക്രമണം. വൈറ്റ്ഹൗസിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണു വിവരം പുറത്തുവിട്ടത്.
അൽ ഖായിദ നേതൃത്വവും ലാദന്റെ മരണം സ്ഥിരീകരിച്ചു. സഹോദരിയുടെ ഡിഎൻഎ സാംപിളുമായി പരിശോധന നടത്തി, കൊല്ലപ്പെട്ടതു ലാദൻ തന്നെയെന്ന് ഉറപ്പുവരുത്തി. 'ഓപ്പറേഷൻ ജെറോനിമോ' എന്നു പേരിട്ട സൈനിക നടപടിയിൽ പങ്കാളികളായത് 79 കമാൻഡോകളാണ്. യുഎസ് നേവിയുടെ കര, നാവിക, വ്യോമ കമാൻഡോ വിഭാഗമായ സീൽസ് പറന്നുയർന്നത് അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ നിന്നായിരുന്നു. ബിൻ ലാദന്റെ മൃതദേഹവും വീട്ടിൽ നിന്നു പിടിച്ചെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്കും രേഖകളുമായിട്ടാണ് യുഎസ് സേന തിരിച്ചു പറന്നത്. മൃതദേഹത്തിന്റെ അന്ത്യകർമങ്ങൾ 24 മണിക്കൂറിനകം പൂർത്തിയാക്കുകയെന്ന ഇസ്ലാമിക പാരമ്പര്യപ്രകാരമുള്ള നടപടികൾ തുടങ്ങി. മൃതദേഹം കുളിപ്പിച്ചശേഷം വെള്ളത്തുണിയിൽ പൊതിഞ്ഞു. തുടർന്നു കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പലിൽ എത്തിച്ചു. ഒരു യുഎസ് ഓഫിസർ പ്രാർഥന നിർവഹിച്ചു. തുടർന്നു ഭാരം നിറച്ച ബാഗിലാക്കി മൃതദേഹം കടലിൽ താഴ്ത്തി.
ലാദന്റെ വധം അന്നത്തെ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സ്വാഗതം ചെയ്തെങ്കിലും സ്വന്തം രാജ്യത്ത് അനുവാദമില്ലാതെ യുഎസ് നടത്തിയ ആക്രമണത്തെ ചോദ്യംചെയ്തു. പാക്കിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമെന്നായിരുന്നു മുൻ പ്രസിഡന്റ് മുഷറഫ് ആക്രമണത്തെ വിശേഷിപ്പിച്ചത്. യുഎസ് തേടുന്ന കൊടുംഭീകരനെ സ്വസ്ഥമായി താമസിക്കാന്‍ യുഎസിന്റെ സഹായിയായൊരു രാജ്യം എങ്ങനെ അവസരമൊരുക്കിയെന്ന് ചോദ്യമുയര്‍ന്നു.
പക്ഷേ, ലാദനെ വധിച്ചതുകൊണ്ട് അല്‍ ഖായിദ ഒന്നടങ്ങിയെങ്കിലും യുഎസ് സൈന്യം അഫ്ഗാനില്‍ ആക്രമണം തുടര്‍ന്നു. നീണ്ട 20വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറി. ഇതോടെ വീണ്ടും താലിബാന് പിടിമുറുക്കി. രാജ്യത്തിന്റെ ഭരണം വീണ്ടും താലിബാന്റെ കൈകളിലെത്തി. അഫ്ഗാനില്‍ മാത്രമായിരുന്നില്ല യുഎസ് ഭീകരവേട്ട. വ്യാപകനശീകരണായുധങ്ങള് കൈകളിലുണ്ടെന്ന് ആരോപിച്ച് യുഎസും സഖ്യസേനകളും 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്തി. സദ്ദാം ഹുസൈന്റെ ഭരണകൂടം തകര്‍ന്നു. 2006ല്‍ സദ്ദാം ഹുസൈന്റെ വധശിക്ഷ ഇറാഖ് കോടതി നടപ്പാക്കി. യെമന്‍, സിറിയ, സൊമാലിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും യുഎസ് ആക്രമണം കണ്ടു.
മധ്യപൂർവദേശത്തെ രാഷ്ട്രീയവും ഭരണവും സമാധാനവും മാറിമറിഞ്ഞു. ദശലക്ഷക്കണക്കിന് പേര് കൊല്ലപ്പെട്ടു. കോടിക്കണക്കിനുപേര്‍ അഭയാര്‍ഥികളായി. ആ യുദ്ധങ്ങള്‍ക്കായി യുഎസ് ചെലവഴിച്ചത് 10 ട്രില്യണ്‍ ഡോളറോളം തുകയായിരുന്നു. അതിനിടെ, സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ആസൂത്രകരായ പ്രതികളെ യുഎസ് പിടികൂടിയിരുന്നു. മുഖ്യ സൂത്രധാരന്‍ പാക്കിസ്ഥാൻകാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ 2003 മാര്‍ച്ചില്‍ പിടികൂടി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കുകയെന്ന പദ്ധതി ലാദന് മുന്പില് അവതരിപ്പിച്ചതും ഖാലിദായിരുന്നു. വന്യമായ കണ്ണുകളുള്ള കൊലപാതകി...അതായിരുന്നു എഫ് ബി ഐ ഖാലിദിന് നല്കിയ വിളിപ്പേര്. പിടികൂടിയശേഷം ആദ്യം അഫ്ഗാനിലെ കൊബാള്‍ട്ട് തടവറയിലും പിന്നീട് പോളണ്ടിലെ ബ്ലാക്ക് സൈറ്റിലും ഖാലിദിനെ ചോദ്യം ചെയ്തു.
പിന്നീട് റുമേനിയയിലേക്കും ഒടുവില്‍ ഗ്വാണ്ടനാമോയിലേക്കും മാറ്റി. ഖാലിദിനൊപ്പം വലീദ് മുഹമ്മദ് സാലിഹ് മുബാറക് ബിൻ അത്താഷ്, റംസി ബിൻ അൽ ഷിബ്ഹ്, അലി അബ്ദുൽ അസീസ് അലി, മുസ്തഫ അഹ്മദ് ആദം അൽ ഹൗസവി എന്നീ അൽ ഖായിദ ഭീകരരായിരുന്നു മറ്റു നാലു പ്രതികൾ. ഭീകരത, ഗൂഢാലോചന, വിമാനറാഞ്ചൽ, കൊലപാതകം, സാധാരണ പൗരന്മാർക്കു നേരെ ആക്രമണം, ഗുരുതരമായി പരുക്കേൽപിക്കൽ, വസ്തുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്. ഗൊണ്ടനാമോ ബേയിലെ തടവറയിലുള്ള ഈ പ്രധാനപ്രതികളുടെ വിചാരണ 2028ജൂണില്‍ ആരംഭിക്കാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യുഎസ് സൈനികകോടതി ഉത്തരവിട്ടു.
സെപ്റ്റംബര്‍ 11 ആക്രമണത്തിന് എങ്ങനെയാണ് കളമൊരുങ്ങിയത്? ഭീകരര്‍ എങ്ങനെ യുഎസിലെത്തി? എങ്ങനെ നാല് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തു. അങ്ങനെ ഒരായിരം ചോദ്യങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയര്‍ന്നത്. വീഴ്ചകളുടേയും ഏകോപനമില്ലായ്മയുടേയും ഉത്തരങ്ങളാണ് അന്വേഷണ കമ്മിഷന് കണ്ടെത്തിയത്.
രഹസ്യാന്വേഷണവും സുരക്ഷയുമൊക്കെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നവരെന്ന് കരുതിപ്പോരുന്ന യുഎസിലെ സിസ്റ്റത്തിന്റെ വലിയ വീഴ്ചയായിരുന്നു ആക്രമണത്തിന് കാരണമായതെന്നായിരുന്നു അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. അല്‍ ഖായിദ ഭീകരര്‍ എന്ന് കരുതിയിരുന്ന രണ്ടുപേരുടെ വിവരങ്ങള്‍ സൂക്ഷിക്കാത്തതിനാല്‍ യഥാര്‍ഥ പേരുകളില്‍ അവര്‍ക്ക് യുഎസിലേക്ക് കടക്കാനായി. സംശയിക്കപ്പെടുന്ന ഭീകരരുടെ ഐഡന്റിറ്റിയെക്കുറിച്ച് സി.ഐ.എ എഫ്.ബി.ഐയെ അറിയിച്ചില്ലെന്നും അന്വേഷണ കമ്മിഷന് കണ്ടെത്തി. സിഐഎ ഉദ്യോഗസ്ഥരുടേയും വിശകലന വിദഗ്ധരുടേയും നടപടികളില്‍ വീഴ്ചയുണ്ടായി. ഭീകരരില്‍ ചിലര്‍ സ്വന്തംപേരില്‍ അപ്പാര്‍ട്മെന്റ് വാടകയ്ക്കെടുത്തു, ഡ്രൈവിങ് ലൈസന്‍സ് നേടി, ബാങ്ക് അക്കൗണ്ട് തുറന്നു, കാര്‍ വാങ്ങി എന്നിട്ടും സംവിധാനങ്ങള്‍ക്ക് സംശയം തോന്നുകയോ പിന്തുടരുകയോ ചെയ്തിട്ടില്ലെന്നത് തികഞ്ഞ പരാജയമെന്നായിരുന്നു റിപ്പോര്‍ട്ട്. ഭീകരർ അമേരിക്കയിൽ വന്ന് ഫ്ലയിംഗ് സ്കൂളുകളിൽ പരിശീലനം നേടിയത് തടയാൻ സാധിക്കാതെ പോയത് വലിയ പരാജയമായി ചൂണ്ടിക്കാണിക്കപ്പെട്ടു. അല്‍ ഖായിദയെ്കുറിച്ച് സമഗ്രമായ തന്ത്രപ്രധാനമായ വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും 1993ന് ശേഷം ലാദനെ മാത്രം കേന്ദ്രീകരിച്ചുള്ള റിപ്പോര്ട്ടുകളുണ്ടായിട്ടില്ലെന്നും കണ്ടെത്തി. നേരത്തേ ലഭിച്ച ഭീഷണികളെക്കുറിച്ച് വിശദമായ അന്വേഷണങ്ങളുണ്ടായിട്ടില്ലെന്നും കമ്മിഷന് വ്യക്തമാക്കി.
ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ്, ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദുമായി "മുഖ്താർ" എന്ന വിളിപ്പേര് ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ഇന്റലിജൻസ് റിപ്പോർട്ട് സി.ഐ.എയുടെ കൗണ്ടർ ടെററിസം സെന്ററിന് ലഭിച്ചിരുന്നു. അമേരിക്കയെ ആക്രമിക്കാൻ മുഖ്താർ ഭീകരരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആ രഹസ്യാന്വേഷണ വിവരം. 'മുഖ്താർ' എന്ന ഇരട്ടപ്പേരിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ ഖാലിദ് മുഹമ്മദ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിട്ടും, ആ വിവരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടു. ഖാലിദ് മുഹമ്മദിന്റെ പേരും അദ്ദേഹത്തിന്റെ ഇരട്ടപ്പേരും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടതുകൂടാതെ, ഇയാളുടെ സഹോദരങ്ങള്‍ അല്‍ ഖായിദയുമായി ബന്ധമുള്ളവരാണെന്ന വസ്തുതയും ഏജന്‍സികള്‍ക്ക് മനസിലാക്കാനായില്ല. 9/11-ന് ശേഷമാണ് ഖാലിദ് മുഹമ്മദും മുഖ്താറും ഒരാൾ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.
യുഎസിന്റെ നയങ്ങളും ലോകക്രമവും 2001 സെപ്റ്റംബറിന് ശേഷവും മുന്പുമെന്ന് നിര്‍ണയിക്കപ്പെടാന്‍ സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം കാരണമായി. വിദേശനയത്തിലും വിമാനത്താവളങ്ങളിലും സുരക്ഷാനയത്തിലും യുഎസും ലോകവും പൊളിച്ചെഴുത്ത് നടത്തി. അതുവരെക്കണ്ട സുരക്ഷാക്രമീകരണങ്ങളായിരുന്നില്ല പിന്നീടിങ്ങോട്ട് യുഎസില്‍ കണ്ടത്.
ഒന്നുകില്‍ നിങ്ങള്‍ യുഎസിനൊപ്പം അല്ലെങ്കില്‍ ഭീകരര്‍ക്കൊപ്പം. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ ലോകക്രമം നിര്‍ണയിക്കുന്നതിന് അന്നത്തെ പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷിന്റെ ഈ വാക്കുകള്‍ കാരണമായിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങളിലേയും വിമാനങ്ങളിലേയും സുരക്ഷകൂടുതല്‍ ശക്തമാക്കി. പാസ്പോർട്ടിന്റെ കര്‍ശന പരിശോധന, ബയോമെട്രിക് ഡേറ്റ, ഫുള്‍ ബോഡി സ്കാനറുകള്‍, ലിക്വിഡുകൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം, കോക്ക്പിറ്റ് വാതിലുകൾ ബുള്ളറ്റ് പ്രൂഫ് ആക്കിയത് അങ്ങനെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും പരിശോധന കര്‍ശനമാക്കിയത് സെപ്റ്റംബര്‍ 11ന് ശേഷമായിരുന്നു. യുഎസില്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും, വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനും രൂപീകരിച്ചു. സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്ക് പകരം കേന്ദ്രീകൃത സര്‍ക്കാര്‍ ഏജന്‍സികള്‍ സുരക്ഷ ഏറ്റെടുത്തു.
വിമാനസര്‍വീസുകളില്‍ മാത്രമായിരുന്നില്ല മാറ്റങ്ങള്‍. ലോകസമ്പദ് വ്യവസ്ഥയും, മിഡില്‍ ഈസ്റ്റ് അടക്കം വിദേശനയങ്ങളിലും വലിയ പൊളിച്ചെഴുത്തലുകളുണ്ടായി. യുഎസ് നയങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു എന്നുതന്നെ പറയാം. അതില്‍ ഏറ്റവും പ്രധാനം ബുഷ് ഡോക്ട്രിന്സായിരുന്നു. അതിന്റെ പ്രതിഫലം ലോകത്തിന്റെ വിവിധയിടങ്ങളിലുണ്ട്. പക്ഷേ, ഭീകരത മാത്രം പൂര്‍ണമായും ഒഴിഞ്ഞില്ല.
ഒരു ശത്രുരാജ്യമോ ഭീകരസംഘടനയോ യുഎസിനെ ആക്രമിക്കുന്നതുവരെ കാത്തുനില്‍ക്കാതെ സംശയം തോന്നിയാല്‍ മുന്‍കൂട്ടി ആക്രമിക്കുകയും നേതാക്കളെ വധിക്കുകയും ചെയ്യുകയെന്നത് സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ച വിദേശനയത്തിന്റെ ഭാഗമായിരുന്നു. ഐക്യരാഷ്ട്രസഭയുടേയോ പരമ്പരാഗത സഖ്യകക്ഷികളുടേയോ പിന്തുണയില്ലെങ്കിലും സ്വന്തം സുരക്ഷയ്ക്കായി ഒറ്റയ്ക്ക് തീരുമാനമെടുത്ത് സൈനിക ആക്രമണം നടത്താനും യുഎസ് തീരുമാനിച്ചു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങി നാറ്റോ സഖ്യകക്ഷികളില്‍ പലരും ഇറാഖ് യുദ്ധത്തെ എതിര്‍ത്തപ്പോഴും യുഎസ് സ്വന്തം വഴിക്ക് മുന്നോട്ടുപോയത് അതിന്റെ ഭാഗമായിട്ടായിരുന്നു. ഭീകരതയ്ക്ക് അഭയം നല്കുന്ന രാജ്യങ്ങളേയും ഭീകരരെപ്പോലെതന്നെ ശത്രുക്കളായി കണ്ട് ആക്രമിക്കാനും യുഎസ് നയരൂപീകരണം നടത്തി.
ബറാക് ഒബാമയുടെ കാലത്ത് വലിയതോതിലുള്ള കരസേന അധിനിവേശങ്ങള്‍ക്ക് പകരം സുരക്ഷിതമായ വിദൂരങ്ങളിലിരുന്ന് ഡ്രോണ്‍ സാങ്കേതികവിദ്യയിലൂടെ ആക്രമണം നടത്തുന്നതും യുഎസ് വിദേശനയത്തിന്റെ ഭാഗമായി. മിഡില്‍ ഈസ്റ്റിലെ ഏകാധിപത്യ ഭരണകൂടങ്ങളെ മാറ്റി പകരം ജനാധിപത്യം സ്ഥാപിച്ചാല്‍ ഭീകരവാദം ഇല്ലാതാക്കാമെന്നായിരുന്നു യുഎസ് കാഴ്ചപ്പാട്. അത്തരത്തിലുള്ള ചില ഇടപെടലുകള്‍ നടത്തിയെങ്കിലും രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയിലേക്കാണ് അതിനെക്കൊണ്ടുചെന്നെത്തിച്ചത് തിരിച്ചടിയായി. വിദേശനയത്തില്‍ മാറ്റങ്ങള്‍ വന്നതിനൊപ്പം സാമ്പത്തികരംഗത്ത് വലിയ തിരിച്ചടികള്‍ക്കും ഭീകരാക്രമണം കാരണമായി.
വിമാന, ടൂറിസം മേഖലയിലെ വലിയ തകര്‍ച്ച അതിലൊന്നായിരുന്നു. ഡസന്‍കണക്കിന് വിമാനക്കമ്പനികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായി. ആക്രമണത്തിന് പിന്നാലെ ന്യൂയോര്‍ക് സ്റ്റോക് എക്സ്ചേഞ്ച് ദിവസങ്ങളോളം അടച്ചിട്ടു. ഇറാഖ് അടക്കം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം എണ്ണവില കുതിച്ചുയര്‍ന്നു. ഇത് ആഗോളതലത്തില്‍ പണപ്പെരുപ്പത്തിന് കാരണമായി. ആഗോളതലത്തില്‍ സുരക്ഷാ പ്രതിരോധബജറ്റുകള് കുത്തനെകൂടി. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കസ്റ്റംസ് എഃ്നിവയിലെ സുരക്ഷാച്ചെലവുകള്‍ വ്യാപാരച്ചെലവ് വര്‍ധിപ്പിച്ചു. രാജ്യാന്തര ബാങ്കിങ് ഇടപാടുകളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടായി. ജനങ്ങളുടെ ആശയപരമായ ഇടപെടലുകളിലും മാറ്റങ്ങളുണ്ടായി. ലോകമെമ്പാടും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ, മുസ്ലീങ്ങൾക്കും ഏഷ്യക്കാർക്കും നേരെ സങ്കുചിതമായ കാഴ്ചപ്പാടുകളും വിവേചനങ്ങളും വർദ്ധിച്ചു.
അങ്ങനെ മാറ്റങ്ങളിലേക്ക് മാറാന്‍ യുഎസിനേയും അതുവഴി ലോകത്തേയും പ്രേരിപ്പിച്ച ഭീകരാക്രമണത്തിന്റെ ഇരുപത്തഞ്ചു വര്ഷങ്ങളിലെത്തി നില്‍ക്കുമ്പോഴും ഭീകരത ഇന്നും ലോകത്തിന് ഭീഷണിയായി തുടരുന്നു. ഈ 25 വര്‍ഷങ്ങള്‍ക്കിടയില്‍ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ വീണ്ടും ഒട്ടേറെ ആക്രമണങ്ങള്‍ക്ക് ലോകം സാക്ഷിയായി. പാക്കിസ്ഥാനടക്കം ചില രാജ്യങ്ങളും സംഘടനകളുമൊക്കെ പ്രതിക്കൂട്ടിലായെങ്കിലും ഭീകരതയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെ പൂര്‍ണമായി എതിര്‍ക്കാനും ഇല്ലാതാക്കാനും കൂട്ടായ ശ്രമങ്ങളുണ്ടാകുന്നില്ലെന്നതാണ് വലിയ വെല്ലുവിളി. എങ്കിലും ഒരു കാര്യം ഉറപ്പാണ് . സെപ്റ്റംബര്‍ 11 എന്ന ആ ദുരന്തദിനം നൽകിയ പാഠങ്ങൾ ആഗോള സുരക്ഷയെയും നയതന്ത്രത്തെയും ഇന്നും സ്വാധീനിക്കുന്നുണ്ട്.